car
കുണ്ടറയിൽ കത്തി നശിച്ച കാർ

കുണ്ടറ: കൊല്ലം - തിരുമംഗലം പാതയിൽ ഓടിക്കൊണ്ടിരുന്ന കാർ നടുറോഡിൽ വച്ച് കത്തിനശിച്ചു. പുക ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ യാത്രക്കാർ കാറിൽ നിന്ന് ഇറങ്ങിയതിനാൽ ആളപായമുണ്ടായില്ല. പള്ളിമുക്ക് എം.ജി.ഡി ഗേൾസ് സ്കൂളിന് സമീപം ഇന്നലെ വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. ആറുമുറിക്കട പുലിപ്ര വഴി പള്ളിമുക്കിലേക്ക് വരികയായിരുന്ന കരിപ്പുറം രാംകുന്ന് മുക്ക് ഇടയില വീട്ടിൽ ബീന കോശിയുടെ ഉടമസ്ഥതയിലുള്ള കാറാണ് കത്തിയത്. കാറോടിച്ചിരുന്ന ബീനയുടെ സഹോദരനും സുഹൃത്തുക്കളുമടക്കം നാലുപേർ ഉള്ളിലുണ്ടായിരുന്നു. ബോണറ്റിൽ നിന്ന് പുക ഉയരുന്നത് കണ്ടയുടൻ യാത്രക്കാർ പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. കുണ്ടറയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീ കെടുത്തിയത്. കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്ന് കരുതുന്നു.