
കൊല്ലം: അടുക്കളയിലെ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. മയ്യനാട് സൂചിതാമുക്ക് പള്ളിപുരയഴികം വീട്ടിൽ എൻ.രത്നമ്മയാണ് (74) മരിച്ചത്. 16ന് പുലർച്ചെ 4.30നായിരുന്നു അപകടം. രത്നമ്മ ചായ തയ്യാറാക്കാനായി അടുക്കള വാതിൽ തുറന്ന് സ്വിച്ച് ഇട്ടപ്പോൾ പെട്ടെന്ന് തീ ദേഹത്തേക്ക് പടരുകയായിരുന്നു.
നിലവിളിച്ച് ഹാളിലേക്ക് ഓടിയെങ്കിലും തീ ആളിപ്പടർന്നു. സമീപത്തെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകന്റെ ഭാര്യ ചിത്ര നിലവിളി കേട്ട് ഹാളിലേക്ക് ഓടിയെത്തി രത്നമ്മയുടെ ദേഹത്ത് വെള്ളമൊഴിച്ച് തീകെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയെത്തിയ ചെറുമക്കളും ചിത്രയും ചേർന്ന് രത്നമ്മയുടെ ശരീരത്തിലേക്ക് ചാക്ക് നനച്ചിട്ട് തീ കെടുത്തുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 50 ശതമാനത്തോളം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ രത്നമ്മയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ 17ന് രാത്രി 12ന് മരിച്ചു. ഫോറൻസിക് വിദഗ്ദ്ധരും പാചകവാതക സിലിണ്ടർ വിതരണം ചെയ്യുന്ന കമ്പനി അധികൃതരും പരിശോധന നടത്തുമെന്ന് ഇരവിപുരം പൊലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു. ഭർത്താവ്: കെ.ബാലകൃഷ്ണൻ. മക്കൾ: രാജി, ബാബുലാൽ, രജനി. മരുമക്കൾ രാജേന്ദ്രൻ, ചിത്ര, സുനിൽ. ഇരവിപുരം പൊലീസ് കേസെടുത്തു.