കൊല്ലം: ആസ്വാദകരെ നാടൻപാട്ടിന്റെ താളത്തിൽ അലിയിച്ച് രഞ്ജു ചാലക്കുടിയും നാൻസിയും ദീപു നാവായിക്കുളവും ശ്രീജിത്ത് പേരാമ്പ്രയും ചേർന്നൊരുക്കിയ മെഗാഷോ. കൊല്ലം ബീച്ചിലെ കോർപ്പറേഷന്റെ മഹാത്മാ ഗാന്ധി പാർക്കിൽ ആരംഭിച്ച ദേവ് ജോയ് ലാൻഡ് അമ്യൂസ്മെന്റ് പാർക്കിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച മെഗാ ഇവന്റാണ് ആസ്വാദകരെ സംഗീതത്തിന്റെ മായികലോകത്തേക്കെത്തിച്ചത്.
അഞ്ചാം ഓണമായ ഇന്നലെ ബീച്ചിലെ ജോയ് ലാൻഡിൽ അരങ്ങേറിയ പരിപാടി കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. നാടൻപാട്ടുകളിലൂടെയും തട്ടുപൊളിപ്പൻ ഗാനങ്ങളിലൂടെയും നിത്യ ഹരിതഗാനങ്ങളിലൂടെയും കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ കൈയിലെടുത്തു. പാട്ടിനൊപ്പം വിവിധ കലാപരിപാടികളും ഉൾപ്പെടുത്തിയായിരുന്നു മെഗാഷോ വേദിയിലെത്തിച്ചത്. കാണികൾക്ക് പരിപാടികൾക്കിടയിൽ വിശപ്പകറ്റാനായി ദേവിന്റെ വിവിധ ഇനം ഭക്ഷണസാധനങ്ങളുടെ കൗണ്ടറും ഒരുക്കിയിട്ടുണ്ട്. 10 രൂപ മുതൽ 50രൂപ വരെയുള്ള വിവിധ രുചികളിലുള്ള ഐസ്‌ക്രീമിന്റെ ശേഖരവും പാർക്കിലെ ഫുഡ്‌കോർട്ടിൽ ലഭ്യമാണ്.
ചിക്കൻ, ബീഫ്, മീൻ എന്നിവയുടെ വിവിധതരം ഭക്ഷണങ്ങളും ദേവ് സ്‌നാക്‌സ് കൗണ്ടറിലൂടെ ലഭിക്കും. ഇന്നലത്തെ പരിപാടി കാണാൻ ജനസാഗരമാണ് പാർക്കിൽ പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വേദിയിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് വൈകിട്ട് 6ന് നൈറ്റ് ബേർഡ്‌സ് അവതരിപ്പിക്കുന്ന ഗാനമേള പാർക്കിൽ അരങ്ങേറും.