കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ അച്ഛന്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്. കേസ് അന്വേഷണത്തിന് നേതൃത്വം നൽകിയ ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം.ജോസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കൽ. സംഭവം നടന്ന ശേഷം നൽകിയ മൊഴിയിൽ കൂടുതലൊന്നും ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുമ്പിൽ കുട്ടിയുടെ അച്ഛന്റെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചു. കൊല്ലം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി 1 ജഡ്ജി പി.എൻ.വിനോദ് അപേക്ഷ അംഗീകരിച്ചതോടെയാണ് തുടരന്വേഷണം ആരംഭിച്ചത്.
2023 നവംബർ 27നായിരുന്നു ഓയൂർ ഓട്ടുമലയിൽ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസം ഉച്ചയോടെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികൾ രക്ഷപ്പെട്ടു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ പത്മകുമാർ, ഭാര്യ അനിതാകുമാരി, മകൾ അനുപമ എന്നിവരെ പിടികൂടി.