കൊല്ലം: കൂത്തമ്പലത്തിന് പുറത്ത് ആദ്യമായി ചാക്യാർകൂത്ത് അവതരിപ്പിച്ചതിന്റെ 75-ാം വാർഷികാഘോഷം 21ന് ചെറുപൊയ്ക തെക്കേക്കര മുടപ്പിലാപ്പിള്ളി മഠത്തിലും സമീപത്തെ ശ്രീനാരായണപുരം ക്ഷേത്ര ഓഡിറ്റോറിയത്തിലും നടക്കും. സാംസ്‌കാരിക വകുപ്പിന്റെയും കേരള കലാമണ്‌ഡലത്തിന്റെയും ചെറുപൊയ്‌ക മുടപ്പിലാപ്പിള്ളി മഠത്തിന്റെയും ദേശക്കാരുടെയും പൈങ്കുളം രാമചാക്യാർ സ്‌മാരക കലാപീഠത്തിന്റെയും നേതൃത്വത്തിലാണ് ചടങ്ങുകൾ.
മുടപ്പിലാപ്പിള്ളി മഠത്തിൽ രാവിലെ 9ന് മഠത്തിലെ അന്നത്തെ കാരണവർമാരായ നീലകണ്ഠ ഭട്ടതിരി, വാസുദേവർ ഭട്ടതിരി, പൈങ്കുളം രാമചാക്യാർ എന്നിവരുടെ ചിത്രങ്ങൾ അനാച്ഛാദനം ചെയ്യും. ശബരിമല തന്ത്രി കണ്‌ഠരര് മോഹനര് ഭദ്രദീപം പ്രകാശിപ്പിക്കും. 9.30ന് ചാക്യാർകൂത്ത്. 10ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ പൈങ്കുളം രാമചാക്യാർ അനുസ്‌മരണ സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പൈങ്കുളം രാമചാക്യാർ സ്‌മാരക കലാപീഠം പ്രസിഡന്റ് ഡോ. സി.എം.നീലകണ്ഠൻ അദ്ധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ മുഖ്യാതിഥിയാകും. പ്രമുഖർ സെമിനാറുകൾ നയിക്കും. വൈകിട്ട് 4ന് സാംസ്‌കാരിക സമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാലും വാർഷികാഘോഷം കൊടിക്കുന്നിൽ സുരേഷ് എം.പിയും ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അദ്ധ്യക്ഷനാകും. ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ചരിത്ര സ്മാരകം അനാച്ഛാദനം ചെയ്യും. പി.സി.വിഷ്ണുനാഥ് എം.എൽ.എ, കേരള കലാമണ്‌ഡലം വൈസ് ചാൻസലർ ഡോ. ബി.അനന്തകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും. 6.30ന് ഭഗവദജ്ജുകം കൂടിയാട്ടം.
സംഘാടക സമിതി ഭാരവാഹികളായ കോവൂർ കുഞ്ഞുമോൻ എം.എൽ.എ, വി.എൻ.ഭട്ടതിരി, എൻ.എം.വാസുദേവരു ഭട്ടതിരി, പി.ഗോപിനാഥൻപിള്ള, ജെ.രാമാനുജൻ, പൈങ്കുളം നാരായണ ചാക്യാർ, കെ.പ്രദീപ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.