കൊല്ലം: എൻ.ബി.ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ എൻ.ബി.ത്രിവിക്രമൻ പിള്ള സ്‌മാരക സമഗ്ര സംഭാവന പുരസ്കാരം-2024ന് നാടക നടൻ സണ്ണി സരിഗ അർഹനായി. 25000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

എൻ.ബി. ത്രിവിക്രമൻപിള്ള സംസ്ഥാന പ്രവാസി നാടക പ്രതിഭാ അവാർഡ് പ്രവാസി നാടക പ്രവർത്തകൻ അൻസാർ ഇബ്രാഹിമിന് (ഒമാൻ) സമ്മാനിക്കും. 15000 രൂപയും ഫലകവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് അവാർഡ്. കേരളത്തിലെ മികച്ച സാംസ്കാരിക സംഘടനയ്ക്കുള്ള 10001 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാർഡ് വികാസ് കലാ സാംസ്കാരിക സമിതിക്കാണ്.

എൻ.ബി.ത്രിവിക്രമൻ പിള്ളയുടെ 80-ാം ചരമവാർഷിക ദിനമായ 29ന് വൈകിട്ട് 4ന് ചവറ വികാസ്‌ കലാ സാംസ്കാരിക സമിതി ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആർട്ടിസ്റ്റ് സുജാതൻ, അലിയാർ പുന്നപ്ര എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. ഡോ. വസന്തകുമാർ സാംബശിവൻ അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ പ്രസിഡന്റ് ആലപ്പി ഋഷികേശ്, ജന. സെക്രട്ടറി സുദർശനൻ വർണ്ണം, എക്സി. ഡയറക്ടർ ഡോ. ജി.സുദർശനൻ, ട്രഷറർ എസ്.യോഹന്നാൻ, വൈസ് പ്രസിഡന്റ് വള്ളിക്കാവ് വിശ്വൻ, ജോ. സെക്രട്ടറി ബിജു തേവലക്കര മീഡിയാ സെക്രട്ടറി മുരളി പന്മന എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.