road

കൊല്ലം: റെയിൽവേ സ്‌റ്റേഷൻ - കർബല റോഡിലെ തെരുവ് വിളക്കുകൾ കത്താതെ പ്രദേശം ഇരുട്ടിലായിട്ട് ദിവസങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ. കോർപ്പറേഷനാണ് തെരുവ് വിളക്കുകളുടെ പരിപാലന ചുമതല. കൊല്ലം റെയിൽവേ സ്‌റ്റേഷനിലേക്ക് വരുന്നവരും പോകുന്നവരും ഉൾപ്പടെ നിത്യേന ആയിരക്കണക്കിന് പേരാണ് ഇതുവഴി സഞ്ചരിക്കുന്നത്.

രാത്രിയിൽ തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ വന്നിറങ്ങുന്നവരും വസ്ത്ര വ്യാപാരശാലകളിലുൾപ്പടെ ജോലികഴിഞ്ഞ് വീട്ടുകളിലേക്ക് പോകുന്ന സ്ത്രീകളുൾപ്പെടെയുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. റെയിൽവേ സ്‌റ്റേഷന് മുന്നിലെ കടകളിൽ നിന്നുള്ള വെളിച്ചവും റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ വെളിച്ചവും മാത്രമാണ് കർബല റെയിൽവേ സ്‌റ്റേഷൻ റോഡിലെത്തുന്നവരുടെ ഏക ആശ്രയം. റോഡിന് ഇരുവശങ്ങളിലും വാഹനം പാർക്ക് ചെയ്തിരിക്കുന്നതിനാൽ കാൽനട യാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ് ഇത് അപകടത്തിനിടയാക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

തെരുവ് വിളക്കുകൾ കത്തുന്നില്ല

 വെളിച്ചമില്ലാത്തതിനാൽ റെയിൽവേ സ്‌റ്റേഷന് മുന്നിലെ കർബല ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പിലേക്ക് കയറാതെ വെളിച്ചമുള്ള ഭാഗത്താണ് യാത്രക്കാർ ബസ് കാത്ത് നിൽക്കുന്നത്

 ബസ് സ്‌റ്റോപ്പിനുള്ളിലും പരിസരത്തും സാമൂഹികവിരുദ്ധ ശല്യം രൂക്ഷം

 റെയിൽവേ സ്‌റ്റേഷൻ - കർബല റോഡിൽ തെരുവുനായ്ക്കളുടെ ശല്യവും

 റെയിൽവേ ജീവനക്കാരുടെ ക്വാർട്ടേഴ്‌സുകൾ പലതും ക്യു.എ.സി ഭാഗത്താണ്

 ഇവരിൽ പലരും ജോലിക്ക് പോകാൻ മൊബൈൽ ഫ്‌ളാഷ് ലൈറ്റ് വെളിച്ചത്തിലാണ് റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തുന്നത്

എത്രയും വേഗം റെയിൽവേ സ്‌റ്റേഷൻ - കർബല ഭാഗത്തെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ തയ്യാറാകണം.

യാത്രക്കാർ