കൊല്ലം: സംസ്ഥാന സർക്കാരിൽ നിന്ന് പദ്ധതി വിഹിതം ലഭിക്കാത്തതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി നടത്തിപ്പ് കടുത്ത പ്രതിസന്ധിയിൽ. പല തദ്ദേശ സ്ഥാപനങ്ങളിലും വിവിധ ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ പട്ടിക തയ്യാറായെങ്കിലും പണമില്ലാത്തതിനാൽ ആനുകൂല്യങ്ങൾ വിതരണം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന ഘട്ടത്തിൽ ട്രഷറി നിയന്ത്രണം കാരണം വലിയൊരു വിഭാഗം ബില്ലുകൾ മാറാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാന കാരണം. നേരത്തെ അതാത് വർഷങ്ങളിൽ മാറാത്ത ബില്ലുകൾ സ്പിൽ ഓവറാക്കി തൊട്ടടുത്ത വർഷം പണം നൽകുമായിരുന്നു. എന്നാൽ ഇത്തവണ സ്പിൽ ഓവർ കാര്യമായി അനുവദിച്ചില്ല. ഇതോടെ ട്രഷറിയിൽ കെട്ടിക്കിടന്ന കഴിഞ്ഞ സാമ്പത്തിക വർഷത്തെ ബില്ലുകൾ മാറിനൽകാൻ ഇത്തവണത്തെ ആദ്യഗഡുവിന്റെ വലിയൊരുഭാഗം വിനിയോഗിക്കേണ്ടി വന്നു. അതുകൊണ്ട് സാമ്പത്തിക വർഷം ആരംഭിച്ച് ആറരമാസം പിന്നിട്ടിട്ടും ഇത്തവണ ആവിഷ്കരിച്ച പദ്ധതികൾക്ക് ചെറിയ തുക മാത്രമേ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളു.

615.54 കോടിയാണ് ജില്ലയില തദ്ദേശ സ്ഥാപനങ്ങളുടെ ആകെ പദ്ധതി തുക. ഇതിൽ കഴിഞ്ഞ ആറര മാസത്തിനിടയിൽ സ്പിൽ ഓവറടക്കം 126.73 കോടി മാത്രമാണ് ഇതുവരെ ചെലവിട്ടത്.

സർക്കാർ വിഹിതം ലഭിച്ചില്ല

 ആദ്യഗഡു ക്യു ബില്ലുകൾക്ക് നൽകി
 രണ്ടാം ഗഡു ഇതുവരെ ലഭിച്ചില്ല

 തദ്ദേശ സ്ഥാപന വാർഷിക പദ്ധതി നടത്തിപ്പ് പ്രതിസന്ധിയിൽ

 ഗുണഭോക്തൃ പട്ടികകൾ കടലാസ് മാത്രമായി

 തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും കാലതാമസം സൃഷ്ടിച്ചു

 പദ്ധതികളുടെ അംഗീകാരവും ഭേദഗതിയും വൈകി

ജില്ലയിൽ പദ്ധതി നിർവഹണം

ആകെ പദ്ധതി തുക ₹ 615.54 കോടി

ചെലവിട്ടത് ₹ 126.73 കോടി
ശതമാനം: 20.59%

തദ്ദേശ സ്ഥാപനങ്ങൾ

പഞ്ചായത്തുകൾ - 68

ബ്ലോക്ക് പഞ്ചായത്ത് - 11

മുനിസിപ്പാലിറ്റി - 4
ജില്ലാ പഞ്ചായത്ത് - 1

കോർപ്പറേഷൻ - 1

ഒരാഴ്ചയ്ക്കുള്ളിൽ വർഷിക പദ്ധതിയുടെ രണ്ടാമത്തെ ഗഡു ലഭിക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ വ്യക്തിഗത ആനുകൂല്യങ്ങളടക്കം നൽകാനാകും.

പഞ്ചായത്ത് അംഗം