കരുനാഗപ്പള്ളി: ശ്രീനാരായണ ഗുരുദേവന്റെ 97-ാം മഹാസമാധി ദിനാചരണം എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും അറിയിച്ചു. നാളെ രാവിലെ 7.30ന് യൂണിയൻ ആസ്ഥാനത്ത് പതാക ഉയർത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് യൂണിയനിലെ ശ്രീനാരായണ പ്രതിമയ്ക്ക് മുന്നിൽ കെ.സുശീലനും എ.സോമരാജനും ഭദ്രദീപം തെളിക്കും. ഓച്ചിറ ശ്രീനാരായണ മഠത്തിൽ വിപുലമായ പരിപാടികളാണ് മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. പുലർച്ചെ ഗണപതി ഹോമം നടത്തും. ഗുരുഭാഗവത പാരായണം, ആത്മീയ പ്രഭാഷണം മൗനപ്രാർത്ഥന,അന്നദാനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ദീപാരാധന എന്നിവ ഉണ്ടായിരിക്കും. യൂണിയന്റെ പരിധിയിൽ വരുന്ന 68 ശാഖകളിലും മഹാസമാധി ദിനാചരണം സംഘടിപ്പിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു. യൂണിയൻ അസ്ഥാനവും ശാഖകളും പീത പതാകൾ കൊണ്ട് അലങ്കരിച്ച് കഴിഞ്ഞു. ഗുരുമന്ദിരങ്ങൾ കേന്ദ്രീകരിച്ചും വിവിധ ശ്രീനാരായണ പ്രത്ഥാനങ്ങളുടെ നേതൃത്വത്തിലും ദിനാചരണം നടത്തും.

പ്രതിഷ്ഠാ വാർഷികം

തറയിൽ മുക്ക് 3624-ാം നമ്പർ ശാഖയിൽ സ്ഥാപിച്ച ഗുരുദേവ വിഗ്രഹത്തിന്റെ പ്രതിഷ്ഠാ വാർഷികവും മഹാസമാധി ദിനാചരണവും തന്ത്രിമുഖ്യൻ തുറവൂർ ഉണ്ണികൃഷ്ണന്റെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 8ന് നടക്കും. രാവിലെ മുതൽ ഗുരുഭാഗവത പാരായണം, അന്നദാനം, മഹാസമാധി പ്രാർത്ഥന, പായസ വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് ശാഖാ ഭാരവാഹികളായ കെ.മോഹനൻ, കൊച്ചുതോണ്ടലിൽ രാജു, എൻ.അജി എന്നിവർ അറിയിച്ചു.

നീലകണ്ഠ തീർത്ഥപാദ സ്വാമി ചാരിറ്റബിൾ ട്രസ്റ്റ്

കരുനാഗപ്പള്ളി ശ്രീ നീലകണ്ഠ തീർത്ഥപാദ സ്വാമി ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്റെ 97-ാം സമാധിവാർഷികം പുതിയകാവ് ട്രസ്റ്റ് അങ്കണത്തിൽ നടക്കും. ഗുരു രചിച്ച ദൈവദശകം മറ്റ് ഭാഷകളിലക്ക് തർജിമ ചെയ്തവരെ ചടങ്ങിൽ വെച്ച് ആദരിക്കും.രാവിലെ 10.30ന് ഹാരാർപ്പണവും പുഷ്പാർച്ചനയും നടക്കും. ചടങ്ങിൽ റിട്ട. ഡെപ്യുട്ടി കളക്ടർ ഹരിദാസന്‍ അദ്ധ്യക്ഷനാകും. കാലടി സംസ്‌കൃത സ‌ർവകലാശാല റിട്ട. പ്രൊഫ. ഡോ.എസ്. ശോഭന മുഖ്യപ്രഭാഷണം നടത്തും. റിട്ട. പ്രൊഫ.എസ്. ഗീതാമണിയമ്മ, കരുനാഗപ്പള്ളി മോഡൽ ഹൈസ്‌കൂൾ അദ്ധ്യാപിക പി.രാധാമണി, ബി. ഗോപിനാഥന്‍ പിള്ള, കാലടി സ‌ർവകലാശാല ഹിന്ദി വിഭാഗം മേധാവി കെ ശ്രീലത, പ്രൊഫ. ആ‌ർ. ബിന്ദു, പുന്നക്കുളം ശാഖ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം രാജഗോപാൽ, പ്രൊഫ. വി.എൻ. വിജയൻ, രവികുമാർ ചേരിയിൽ, എം. പ്രസന്നകുമാർ ,മനൂസ് തുടങ്ങിയവർ പ്രഭാഷണം നടത്തും.