കൊല്ലം: ഓണാവധി ആഘോഷിക്കാൻ ജനങ്ങൾ കുടുംബത്തോടൊപ്പം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെത്തിയപ്പോൾ ഡി.ടി.പി.സിക്ക് ലഭിച്ചത് റെക്കാഡ് വരുമാനം. 14 മുതൽ 17വരെ ഡി.ടി.പിസിയുടെ കീഴിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ നിന്ന് ടിക്കറ്റ് ഇനത്തിൽ ലഭിച്ചത് 30 ലക്ഷത്തിലധികം രൂപയാണ്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ സാമ്പ്രാണിക്കോടി, കൊല്ലം ബ്രേക്ക് വാട്ടർ പാർക്ക്, അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, മൺറോത്തുരുത്ത്, മീൻപിടിപാറ, മലമേൽപാറ എന്നിവിടങ്ങളിൽ നിന്നാണ് വരുമാനം ലഭിച്ചത്.

കൂടുതൽ വരുമാനം ലഭിച്ചത് സാമ്പ്രാണിക്കോടിയിൽ നിന്നാണ്. 37420 പേരാണ് സാമ്പ്രാണിക്കോടിയിലെത്തിയത്. ഉത്രാടം മുതൽ ചതയം വരെയുള്ള ദിവസങ്ങളിൽ നിന്ന് 23 ലക്ഷം രൂപയിലധികമാണ് വരുമാനം. ചതയദിനത്തിൽ സാമ്പ്രാണിക്കോടി രണ്ടാമത് തുറന്നതിന് ശേഷമുള്ള ഏറ്റവും ഉയർന്ന വരുമാനമാണ് ലഭിച്ചത്. 1016100 രൂപയാണ് ചതയദിനത്തിൽ മാത്രം ലഭിച്ചത്. വേനൽ അവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങളിൽ ലഭിച്ച ഒൻപത് ലക്ഷം രൂപയുടെ വരുമാനത്തിന്റെ റെക്കാഡാണ് കഴിഞ്ഞ ദിവസം തകർത്തത്. കഴിഞ്ഞ ഓണക്കാലത്ത് സാമ്പ്രാണിക്കോടിയിൽ നിന്ന് 18 ലക്ഷം രൂപയായിരുന്നു വരുമാനം. എന്നാൽ ഇത്തവണ നാല് ദിവസം കൊണ്ട് തന്നെ അഞ്ച് ലക്ഷം രൂപയുടെ അധികവരുമാനമാണ് ലഭിച്ചത്.

ഈ ആഴ്ചത്തെ കണക്ക് കൂടി പുറത്തുവരുമ്പോൾ വരുമാനം ഇനിയും വർദ്ധിക്കും. ഡി.ടി.പി.സി അംഗീകരിച്ച 53 ബോട്ടുകളാണ് സാമ്പ്രാണിക്കോടിയിലേക്ക് സർവീസ് നടത്തുന്നത്. അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക് എന്നിവിടങ്ങളിൽ നിന്ന് മൂന്ന് ലക്ഷം രൂപവീതം വരുമാനമാണ് നാല് ദിവസം കൊണ്ട് ലഭിച്ചത്.

തങ്കശേരി ബ്രേക്ക് വാട്ടർ പാർക്കും ഇത്തവണ 'ഹൗസ് ഫുൾ' ആയിരുന്നു. നിയന്ത്രണങ്ങളില്ലാതിരുന്നതും മഴ മാറിനിന്നതുമാണ് കുടുംബ സമേതം ആളുകൾ വിനോസ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്താൻ കാരണം. മീൻപിടിപാറയിലും മലമേൽ പാറയിലുമെല്ലാം സന്ദർശകരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഓണാവധി അവസാനിക്കുന്നതിന് മുമ്പുള്ള അവസാനത്തെ ശനിയും ഞായറും വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഇനിയും തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത.

സാമ്പ്രാണിക്കോടിയിൽ സമയമാറ്റം

സാമ്പ്രാണിക്കോടിയിൽ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് പ്രവത്തനം. ഒരു മണിക്കൂറാണ് തുരുത്തിൽ ചെലവഴിക്കാനാകുക. അഞ്ച് മണിക്കെത്തുന്നവരെ അരമണിക്കൂർ മാത്രമാകും തുരുത്തിൽ തങ്ങാൻ അനുവദിക്കൂ.

ടിക്കറ്റ് നിരക്ക് ₹ 150

കൊവിഡിന് ശേഷം വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഏറ്റവും അധികം ആളുകളെത്തിയതും റെക്കോഡ് വരുമാനം ലഭിച്ചതും ഈ വർഷമാണ്.

ഡി.ടി.പി.സി അധികൃതർ