saraswathi-amma

കൊല്ലം: ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നിയ ഭർത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തി. കൊട്ടാരക്കര പള്ളിക്കൽ സനൽ ഭവനിൽ സരസ്വതി അമ്മയാണ് (63) കൊല്ലപ്പെട്ടത്. കൊട്ടാരക്കര സ്റ്റേഷനിൽ കീഴടങ്ങിയ ഭർത്താവ് സുരേന്ദ്രൻ പിള്ളയെ (63) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാവിലെ പതിനൊന്നോടെയാണ് സംഭവം പുറത്തറിയുന്നത്.
പൊലീസ് പറയുന്നത്: തയ്യൽ തൊഴിലാളികളാണ് ഇരുവരും. മദ്യപാനിയായ സുരേന്ദ്രൻ ഭാര്യയുടെ സ്വഭാവദൂഷ്യമുണ്ടെന്ന് ആരോപിച്ച് വാക്കേറ്റം പതിവായിരുന്നു.ഇവരുടെ മൂത്ത മകൻ സനലും ഭാര്യ അശ്വതിയും നൂറ് മീറ്റർ അകലെ മറ്റൊരു വീട്ടിലും ഇളയ മകന്റെ ഭാര്യ സാന്ദ്രയും ഒരു വയസുള്ള മകനും ഇവർക്കൊപ്പവുമാണ് താമസം. ഇളയ മകൻ സുബിൻ വിദേശത്താണ്.

രാവിലെ 9.30ന് കുഞ്ഞുമായി സാന്ദ്ര സനലിന്റെ വീട്ടിലേക്ക് പോയി. ഈ സമയത്താണ് കൊലപാതകം നടന്നത്. കട്ടിലിലിരുന്ന് തയ്ക്കുകയായിരുന്ന സരസ്വതി അമ്മയുടെ പിന്നിലൂടെയെത്തി ചരടുകൊണ്ട് കഴുത്തിൽ മുറുക്കി. ബോധരഹിതയായതോടെ കട്ടിലിലേക്ക് മലർത്തിയിട്ട് കശുഅണ്ടി ഫാക്ടറിയിൽ ഉപയോഗിക്കാറുള്ള ചെറിയ കത്തികൊണ്ട് കഴുത്ത് മുറിക്കുകയും പിന്നീട് വാക്കത്തിക്ക് കഴുത്ത് വെട്ടിമുറിക്കുകയും ചെയ്തു.

മരണം ഉറപ്പാക്കിയ ശേഷം വാക്കത്തി കട്ടിലിൽ തലയിണയുടെ മുകളിൽ വച്ചു. തുടർന്ന് ബന്ധുവിന്റെ ഓട്ടോറിക്ഷയിൽ കൊട്ടാരക്കര സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പൊലീസ് പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

മൃതദേഹം പാരിപ്പള്ളി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം ഇന്ന്. സുരേന്ദ്രൻ പിള്ളയെ ഇന്ന് കോടതിയിൽ ഹാജരാക്കും.