കൊല്ലം: വനിതാ തിരക്കഥാകൃത്തിന്റെ പരാതിയിലുള്ള കേസിൽ സംവിധായകൻ വി.കെ.പ്രകാശിനെ കൊല്ലം പള്ളിത്തോട്ടം പൊലീസ് അറസ്റ്റുചെയ്‌ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ഹൈക്കോടതിയിൽ നിന്ന് ലഭിച്ച മുൻകൂർ ജാമ്യത്തിലെ വ്യവസ്ഥ പ്രകാരമാണ് മൊഴിയെടുപ്പും തെളിവെടുപ്പും പൂർത്തിയാക്കി ജാമ്യത്തിൽ വിട്ടത്.
മൂന്നുദിവസം പള്ളിത്തോട്ടം പൊലീസിൽ ഹാജരാകണമെന്ന് കോടതി നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം സ്റ്റേഷനിലെത്തിയ വി.കെ.പ്രകാശിനെ പരാതിയിൽ പറയുന്ന ബീച്ചിന് സമീപത്തെ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഹോട്ടലിലെ റസ്റ്റോറന്റിൽ വച്ചാണ് വനിതാ തിരക്കഥാകൃത്തിനെ കണ്ടതെന്നും മുറിയിലേക്ക് പോവുകയോ ഉപദ്രവിക്കുകയോ ചെയ്‌തിട്ടില്ലെന്നുമാണ് അദ്ദേഹം ആദ്യ ദിവസം മൊഴി നൽകിയത്. ഈ മൊഴിയും ലഭിച്ച തെളിവുകളും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ഇന്നലെ കൂടുതൽ വിവരങ്ങൾ ആരാഞ്ഞെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു.