ശാസ്താംകോട്ട: കൊല്ലം-തേനി ദേശീയപാതയിൽ റോഡ് മുറിച്ച് കടക്കാൻ ശ്രമിച്ച സ്കൂട്ടർ യാത്രക്കാരെ ഒമ്‌നി വാൻ ഇടിച്ച് തെറിപ്പിച്ചു. പാവുമ്പ സ്വദേശികളായ ഗോകുൽ (20), സുഹൃത്ത് വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്. യുവാക്കൾ ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും സ്‌കൂട്ടർ ഓടിച്ചിരുന്ന ഗോകുലിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഗോകുൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിഷ്ണു പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ഇന്നലെ രാവിലെ 11 ഓടെ ആനയടി കോട്ടപ്പുറം ജംഗ്ഷനിലായിരുന്നു അപകടം. താമരക്കുളം ചക്കുവള്ളി ഭാഗത്തേക്ക് അമിത വേഗത്തിൽ വരികയായിരുന്ന ഒമ്‌നി വാൻ അടൂർ പറക്കോട് നിന്ന് ആനയടി ക്ഷേത്രത്തിലേക്ക് പോകുന്ന ഇടറോഡിൽ നിന്ന് മറ്റൊരു ഇടറോഡിലേക്ക് പോകാൻ ദേശീയപാത മുറിച്ചുകടന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിന്റെ വശങ്ങളിലേക്ക് തെറിച്ചുവീണു. ഈ സമയം മറ്റ് വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല. ഓമ്‌നി വാൻ ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ശൂരനാട് പൊലീസ് കേസെടുത്തു. വാഹനങ്ങൾ സ്‌റ്റേഷനിലേക്ക് മാറ്റി. നിലവിൽ ഒമ്‌നി വാൻ ഡ്രൈവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇരു വാഹനങ്ങളുടെയും രേഖകൾ കൃത്യമാണ്. ഒമ്‌നി വാൻ അമിത വേഗത്തിലായിരുന്നുവെന്നും സ്കൂട്ടർ യാത്രക്കാർ അലക്ഷ്യമായി റോഡ് മുറിച്ചുകടന്നതുമാണ് അപകടത്തിന് കാരണമെന്നാണ് ശൂരനാട് പൊലീസിന്റെ പ്രാഥമിക നിഗമനം. സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ഇവ പരിശോധിച്ചാകും തുടർ നടപടിയെന്നും നിലവിൽ ആരും കസ്റ്റഡിയിലില്ലെന്നും ശൂരനാട് പൊലീസ് പറഞ്ഞു.