കൊല്ലം: ജീവിത സായന്തനത്തിൽ തുടങ്ങിയ സംശയരോഗം അവസാനിച്ചത് അരുംകൊലയിൽ. കൊട്ടാരക്കര പള്ളിക്കൽ സനൽ ഭവനിൽ സരസ്വതിഅമ്മയെപ്പറ്റി അയൽക്കാർക്കോ ബന്ധുക്കൾക്കോ മോശം അഭിപ്രായം ഇല്ല. എന്നാൽ സമപ്രായക്കാരിയായ ഭാര്യയോട് സുരേന്ദ്രൻ പിള്ളയ്ക്ക് സംശയം നാൾക്കുനാൾ വർദ്ധിച്ചു.
നിരന്തരം മർദ്ദനമേറ്റിട്ടും പ്രതികരിക്കാതെ വീടിനുള്ളിൽ നിശബ്ദയാവുകയായിരുന്നു സരസ്വതിഅമ്മ. ഒരുമാസം മുമ്പ് സുരേന്ദ്രൻ പിള്ള സരസ്വതിഅമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് ഇളയ മരുമകൾ സാന്ദ്ര മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇതിനുശേഷം ബന്ധുക്കളെത്തി പ്രശ്നം ചർച്ച ചെയ്തിരുന്നു. സമീപത്ത് താമസിക്കുന്ന മൂത്ത മകൻ സനൽ കുമാറിന്റെ വീട്ടിൽ വന്നുനിൽക്കാൻ നിർബന്ധിച്ചിരുന്നെങ്കിലും സരസ്വതി അമ്മ പോകാൻ തയ്യാറായില്ല. നേരത്തെ കശുഅണ്ടി ഫാക്ടറി തൊഴിലാളിയായിരുന്നു സരസ്വതിഅമ്മ. സുരേന്ദ്രൻ പിള്ള വീട്ടിലിരുന്ന് തയ്യൽ ജോലികൾ ചെയ്യും. ഇതിനിടെ കശുഅണ്ടി ഫാക്ടറിയിലെ ജോലി ഉപേക്ഷിച്ച് സരസ്വതി അമ്മയും വീട്ടിൽ തയ്യൽ ജോലികൾ തുടങ്ങി. ഓണക്കാലത്ത് ഇരുവർക്കും നല്ല നിലയിൽ തയ്യൽ ലഭിച്ചിരുന്നു. അമിത മദ്യപാനിയായിരുന്ന സുരേന്ദ്രൻ പിള്ള ഇടയ്ക്ക് മദ്യപാനം നിറുത്തി. എന്നാൽ ഓണക്കാലത്ത് മദ്യപിച്ചിരുന്നതായി പറയുന്നു. അച്ഛന്റെ സ്വഭാവത്തോട് പൊരുത്തപ്പെടാത്തതിനാൽ സനൽ കുമാർ കുടുംബ വീട്ടിലേക്ക് പോകാറില്ലായിരുന്നു. എന്നാൽ ഓണത്തിന് കുടുംബസമേതമെത്തി അമ്മയ്ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പ്രശ്നങ്ങൾ തീർന്നുവെന്ന സന്തോഷത്തിലിരിക്കുമ്പോഴാണ് അപ്രതീക്ഷിത കൊലപാതകം.
പതിവ് ഭീഷണിയെന്ന് തെറ്റിദ്ധരിച്ചു
ഇന്നലെ രാവിലെ പത്തിന് ശേഷം സുരേന്ദ്രൻ പിള്ള മൂത്ത മരുമകൾ അശ്വതിയെ ഫോണിൽ വിളിച്ചു, സരസ്വതി അമ്മയെ വെട്ടിക്കൊന്നുവെന്ന് സുരേന്ദ്രൻ പിള്ള പറഞ്ഞു. എന്നാൽ ഇത് വിശ്വസിക്കാതെ അശ്വതി ഫോൺ കട്ട് ചെയ്തു. സാധാരണയുള്ള ഭീഷണിയാണെന്നാണ് അശ്വതി കരുതിയത്. മിക്കവാറും ദിവസങ്ങളിൽ സുരേന്ദ്രൻ പിള്ള ഭാര്യയുമായി വഴക്കിട്ടശേഷം ഫോൺ വിളിച്ച് ഇപ്പോൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുമായിരുന്നു.
ഞെട്ടിത്തരിച്ച് നാട്ടുകാർ
വീട്ടിലെ ചെറിയ ഒച്ചപ്പാടുകൾപോലും തൊട്ടടുത്ത വീട്ടിൽ കേൾക്കാവുന്ന വിധം അയൽപക്കമുള്ളിടത്താണ് അരുംകൊല നടന്നത്. പള്ളിക്കൽ ആലഞ്ചേരി മുക്കിൽ നിന്ന് മൈലത്തേക്കുള്ള റോഡരികിലാണ് സുരേന്ദ്രൻ പിള്ളയുടെ വീട്. സരസ്വതിഅമ്മയുടെ നിലവിളി ശബ്ദം പുറത്തേക്ക് വന്നുവെങ്കിൽ അടുത്ത വീട്ടിലുള്ളവർ അറിഞ്ഞേനെ. പിന്നിൽക്കൂടിയെത്തി ചരടിട്ട് കഴുത്തിൽ മുറുക്കിയതിനാൽ സരസ്വതി അമ്മയ്ക്ക് ശബ്ദം പുറത്തേക്ക് വന്നില്ല. ബോധരഹിതയായി കിടക്കുമ്പോൾ വാക്കത്തിയുടെ വെട്ടേൾക്കുമ്പോഴും വിളിപ്പാടകലെ ആളുകളുണ്ടായിരുന്നു. പതിനൊന്നോടെ കൊട്ടാരക്കര പൊലീസ് വീട്ടിലെത്തിയപ്പോഴാണ് അരുംകൊല നാടറിഞ്ഞത്. ഞെട്ടലോടെ അയൽക്കാരും നാട്ടുകാരും ഓടിക്കൂടി. വാർത്ത നിമിഷനേരംകൊണ്ട് പരന്നു. ഉച്ചയ്ക്ക് മുമ്പ് വീട്ടുപരിസരം ജനങ്ങളെക്കൊണ്ട് നിറഞ്ഞു.