കൊട്ടാരക്കര: പുലമൺ തോടിന് ഇനി നേരെചൊവ്വേ ഒഴുകാം. മാലിന്യ മുക്ത നവകേരളം, സമഗ്ര കൊട്ടാരക്കര പദ്ധതികളിൽ ഉൾപ്പെടുത്തി കൊട്ടാരക്കര മണ്ഡലത്തിൽ ആദ്യം ശുചിയാക്കുന്നത് പുലമൺ തോടാണ്. ഗാന്ധിജയന്തി ദിനത്തിൽ തുടങ്ങുന്ന മാലിന്യമുക്ത നവകേരളത്തിന്റെ സംസ്ഥാന തല ഉദ്ഘാടനവും പുലമൺ തോടിന്റെ നവീകരണജോലികളിലൂടെയാണെന്നതാണ് സവിശേഷത. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ.

ചക്രശ്വാസം വലിച്ച പതിറ്റാണ്ടുകൾ

മീൻപിടിപ്പാറയിൽ നിന്നാണ് പുലമൺ തോടിന്റെ തുടക്കം. പട്ടണത്തിന്റെ നടുക്കുകൂടി ഒഴുകുന്ന തോട് ഒരുകാലത്ത് തെളിനീരുറവയായിരുന്നു. എന്നാലിപ്പോൾ ഏറെക്കാലമായി നിലനിൽപ്പിനായി ചക്രശ്വാസം വലിക്കുകയാണ് പുലമൺ തോട്. മഴക്കാലത്ത് മാത്രമാണ് ഒഴുക്കുള്ളത്. അല്ലാത്തപ്പോൾ വെള്ളം കെട്ടിക്കിടന്ന് മാലിന്യംകൂടി ചേർന്ന് പുഴുനുരയ്ക്കുന്ന അവസ്ഥയാണ്.പായലും കുറ്റിക്കാടും മാലിന്യവും നിറഞ്ഞ് തോട് നശിക്കുമ്പോഴും അധികൃതർക്ക് കണ്ട ഭാവമില്ലെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരന്തരം വാർത്തയെഴുതിയിരുന്നു.

നടപ്പാക്കാത്തപദ്ധതികൾ

ഇനി സൂപ്പറാകും

1)കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ച്, സംരക്ഷണ ഭിത്തികൾ പുനർ നിർമ്മിക്കും.

2)മാലിന്യം പൂർണമായും നീക്കം ചെയ്യും.

3)വെള്ളം സുഗമമായി ഒഴുകാൻ സംവിധാനമൊരുക്കും.

4)പരിസരങ്ങൾ സൗന്ദര്യവത്കരണം നടത്തും.

5)അലങ്കാര കൗതുകങ്ങളും ലൈറ്റിംഗ് സംവിധാനമൊരുക്കും.

6)പൂച്ചെടികൾ വച്ചുപിടിപ്പിക്കും. പുലമൺ പാലത്തിന്റെ ഒരു വശത്തായി തോടിന് മേൽമൂടി സ്ഥാപിച്ച് പാർക്ക് ഒരുക്കും.

7)കുട്ടികളുടെ കളിക്കോപ്പുകളും വിശ്രമ ഇരിപ്പിടങ്ങളുമൊരുക്കും.

8)തോട്ടിൽ ചെറു ബോട്ടിംഗ് സൗകര്യങ്ങളും ഏർപ്പെടുത്തും.

സംഘാടക സമിതി യോഗം ഇന്ന്

മാലിന്യ മുക്ത നവകേരളം, സമഗ്ര കൊട്ടാരക്കര എന്നിവയിലുൾപ്പെടുത്തി പുലമൺ തോട് നവീകരിക്കുന്ന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതിനായി മന്ത്രി കെ.എൻ.ബാലഗോപാലിന്റെ നേതൃത്വത്തിൽ സംഘാടക സമിതി യോഗം ഇന്ന് ചേരും. വൈകിട്ട് 3ന് പുലമൺ ബ്രദറൻ ഹാളിലാണ് യോഗം ചേരുന്നതെന്ന് നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അറിയിച്ചു.