ഓട ഇല്ലാത്തതിനാൽ വെള്ളക്കെട്ട് രൂക്ഷം
കൊല്ലം: മഴ പെയ്താലും പെയ്തൊഴിഞ്ഞാലും അഞ്ചാലൂംമൂട്- കുപ്പണ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമില്ല. ദുരിതത്തിലായ പ്രദേശവാസികൾ പലതവണ പരാതിപ്പെട്ടിട്ടും ഇന്നോളം പരിഹാരമുണ്ടായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
കുപ്പണ വേലായുധ മംഗലം ക്ഷേത്രത്തിലേക്കുള്ള റോഡാണ് ചെറിയൊരു മഴയിൽപ്പോലും തോടായി മാറുന്നത്. വെള്ളം ഒഴുകിപ്പോകാൻ ഈ ഭാഗത്ത് ഓടയില്ലാത്തതാണ് ദുരവസ്ഥയ്ക്ക് കാരണം. തുടർച്ചയായി മഴ പെയ്താൽ പ്രദേശവാസികൾക്ക് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാകും. മുട്ടൊപ്പം വെള്ളത്തിലാണ് പിന്നീട് യാത്ര. ദിവസങ്ങളോളം കെട്ടിനിന്ന ശേഷമാവും വെള്ളം ഒഴിയുന്നത്. സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രയും വല്ലാത്ത ബുദ്ധിമുട്ടിലാണ്.
മലിനജലം
മാലിന്യം ഉൾപ്പെടെയുള്ള വെള്ളമാണ് കെട്ടിക്കിടക്കുന്നത്. ഈ വെള്ളം സമീപത്തെ വീടുകളിലേക്കുമെത്തും. ഇരുചക്രവാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. റോഡിൽ വെള്ളം നിറയുമ്പോൾ ഇവിടെ കാൽനട യാത്ര പോലും ദുസ്സഹമാണ്. ചൊറിച്ചിൽ പോലുള്ള അസ്വസ്ഥതകളും അനുഭവപ്പെടാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കുപ്പണ വേലായുധ മംഗലം റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ കോർപ്പറേഷനിൽ പരാതി നൽകിയപ്പോൾ, കൗൺസിലർ ഉൾപ്പെടെ സ്ഥലം സന്ദർശിക്കുകയും പരിഹാരം കാണാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു. എന്നാൽ യാതൊന്നും ഉണ്ടായില്ല.
വെള്ളക്കെട്ട് മൂലം പ്രദേശവാസികൾ വളരെ ബുദ്ധിമുട്ടിലാണ്. ഓടയോ മാൻഹോളോ അടിയന്തരമായി നിർമ്മിച്ച് പ്രശ്നത്തിന് പരിഹാരം കാണണം
പ്രേംകുമാർ, പ്രസിഡന്റ് , കുപ്പണ വേലായുധ മംഗലം റെസിഡൻസ് അസോസിയേഷൻ
കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗം സ്ഥലം സന്ദർശിച്ച് ഓട നിർമ്മിക്കാനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കി. ഫണ്ട് ലഭിക്കുമ്പോൾ പണി ആരംഭിക്കും
എസ്. സ്വർണ്ണമ്മ , കൗൺസിലർ, അഞ്ചാലുംമൂട് ഡിവിഷൻ