
കരുനാഗപ്പള്ളി: ആലപ്പാട് ഗ്രാമപഞ്ചായത്തിനെയും കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്ന കല്ലുംമൂട്ടിൽ കടവ് പാലത്തിലെ വലിയ കുഴികൾ യാത്രക്കാർക്ക് മരണക്കെണിയാകുന്നു. കോൺക്രീറ്റ് പാളികൾ ഇളകി മാറിയാണ് വലിയ കുഴികൾ രൂപപ്പെട്ടത്.
പാലത്തിന്റെ തുടക്കം മുതൽ അവസാനം വരെ കോൺക്രീറ്റ് ഇളകി മാറിയ നിലയിലാണ്. നിർമ്മാണം നടന്ന് രണ്ട് പതിറ്റാണ്ട് പോലും തികയാത്ത പാലത്തിനാണ് ഈ ഗതികേട്. നിർമ്മാണത്തിലെ അപാകതയാണ് കോൺക്രീറ്റ് ഇളകിമാറാണ കാരണമെന്നാണ് ആരോപണം.
നാളുകളായി പാലത്തിൽ ചെറിയ കുഴികൾ രൂപപ്പെടുമ്പോൾ സിമന്റ് തേച്ച് അടയ്ക്കുകയായിരുന്നു പതിവ്. വാഹനങ്ങൾ വീണ്ടും കയറിയിറങ്ങുമ്പോൾ കുഴി വലുതാകും. ഇപ്പോൾ പാലം നിറയെ വലുതും ചെറുതമായ കുഴികളാണ്. മഴ സമയങ്ങളിൽ ഇതുവഴിയുള്ള യാത്ര ഏറെ ക്ളേശകരമാണ്. വെള്ളം നിറഞ്ഞ് നിൽക്കുന്ന കുഴികളിൽ വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്.
ആലപ്പാട്ട് ഗ്രാമപഞ്ചായത്തിലെ ശ്രായിക്കാട് തുറ മുതൽ തെക്കോട്ടുള്ളവർക്ക് കരുനാഗപ്പള്ളിയിൽ എത്തിച്ചേരാനുള്ള എളുപ്പ മാർഗം കൂടിയാണ് കല്ലുംമൂട്ടിൽ കടവ് പാലം.
അറ്റകുറ്റപ്പണി മുടങ്ങി, പാലം കുളമായി
കാലാകാലങ്ങളിൽ പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്താത്തത് കോൺക്രീറ്റ് ഇളകാൻ കാരണമായി
ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കാതിരുന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം
കൊല്ലം ഭാഗത്ത് നിന്ന് കായംകുളം മത്സ്യബന്ധന തുറമുഖത്തേക്ക് കണ്ടെയ്നർ ലോറികൾ ഉൾപ്പടെ കടന്നുപോകുന്നത് ഈ പാലത്തിലൂടെ
രണ്ട് പതിറ്റാണ്ടിന് മുമ്പ് ആലപ്പാട്ടുണ്ടായ സുനാമി ദുരന്തത്തെ തുടർന്നാണ് കല്ലുംമൂട്ടിൽ കടവിൽ പാലം നിർമ്മിച്ചത്
അപകടം ഇല്ലാത്ത ദിവസങ്ങൾ കുറവാണ്. പാലത്തിൽ രൂപപ്പെട്ട കുഴികൾ നികത്തി മുകൾ വശം ടാർ ചെയ്യണം.
നാട്ടുകാർ