കൊട്ടാരക്കര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2023 -24 വർഷത്തെ ജില്ലയിലെ മികച്ച വി.എച്ച്.എസ്. ഇ വിഭാഗം നാഷണൽ സർവീസ് സ്കീം പുരസ്കാരം പൂയപ്പള്ളി മൈലോട് ടി.ഇ.എം വൊക്കേഷണൽ ഹയർ സെക്കൻറി സ്കൂൾ യൂണിറ്റിന് ലഭിച്ചു.
ജീവനം ജീവദാനം പദ്ധതി പ്രകാരം കഴിഞ്ഞ മൂന്ന് വർഷമായി 15 നിർദ്ധന കുടുംബങ്ങൾക്ക് 15 ആടുകളെയും 45 കുടുംബങ്ങൾക്ക് 135 മുട്ടക്കോഴികളെയും വിതരണം ചെയ്തു. സ്വയം തൊഴിൽ പരിശീലനത്തിന്റെ ഭാഗമായി 50 വിദ്യാർത്ഥികൾക്ക് കുട, എൽ.ഇ.ഡി. ബൾബ്, പേപ്പർ ബാഗ് നിർമ്മാണം, തെങ്ങ് കയറ്റം, തേനീച്ച വളർത്തൽ എന്നിവയിൽ പരിശീലനം നൽകി.
ജയന്തി കോളനി സമ്പൂർണ ശുചിത്വ ഗ്രാമമാക്കുന്നതിന്റെ ഭാഗമായി 25 വീടുകളിൽ മാലിന്യ സംസ്കരണ യൂണിറ്റും എല്ലാ സ്ത്രീകൾക്കും മെൻസ്ട്രുവൽ കപ്പും വിതരണം ചെയ്തു. ഈ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. പ്രോഗ്രാം ഓഫീസർ എസ്.സഞ്ജയിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തനങ്ങൾക്ക് തുടർച്ചയായി രണ്ടാം തവണയാണ് ജില്ലാ തല പുരസ്കാരം ലഭിക്കുന്നത്.