കൊല്ലം: സ്കൂട്ടർ യാത്രക്കാരിയെ മദ്യലഹരിയിൽ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുഹമ്മദ് അജ്മലും
ഡോ. ശ്രീക്കുട്ടിയും രാസലഹരി ഉപയോഗിച്ചതിന് തെളിവ് ലഭിച്ചു. ശ്രീക്കുട്ടിയുടെ വാടക വീട്ടിലും ഇവർ ഒരുമിച്ച് തങ്ങാറുള്ള ഹോട്ടൽ മുറിയിലും നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്തിയത്. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ആർ. നവീൻ നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
സംഭവം അപകടമരണം മാത്രമാണെന്നും ജനങ്ങൾ ആക്രമിക്കുമെന്ന് ഭയന്നാണ് പ്രതികൾ രക്ഷപ്പെട്ടതെന്നും മുഹമ്മദ് അജ്മലിന്റെയും ഡോ. ശ്രീക്കുട്ടിയുടെയും അഭിഭാഷകർ വാദിച്ചു. കാറിന്റെ പിൻസീറ്റിലിരുന്ന ഡോ. ശ്രീക്കുട്ടി എങ്ങനെ കുറ്റക്കാരിയാകുമെന്ന വാദം അവരുടെ അഭിഭാഷകൻ ഉന്നയിച്ചു. എന്നാൽ ബോധപൂർവ്വമായ നരഹത്യയാണ് നടന്നതെന്നും പ്രതികൾ രാസലഹരി അടക്കം ഉപയോഗിച്ചിട്ടുള്ളതിനാൽ അതിന്റെ ഉറവിടം കണ്ടെത്താൻ ചോദ്യം ചെയ്യലും തെളിവെടുപ്പും അനിവാര്യമാണെന്നും അസി. പബ്ലിക് പ്രോസിക്യൂട്ടർ ശിഖ പറഞ്ഞു. ശാസ്താംകോട്ട പൊലീസ് മൂന്ന് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് നൽകിയത്. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലും പ്രതികൾ എം.ഡി.എം.എ ഉപയോഗിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് കോടതി പ്രതികളെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്. മുഹമ്മദ് അജ്മലിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.
തിരുവോണദിവസം വൈകിട്ട് 5.47നാണ് മുഹമ്മദ് അജ്മൽ സ്കൂട്ടർ യാത്രക്കാരിയായ മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ ഇടിച്ചിട്ട ശേഷം ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയത്.
 തെളിവെടുപ്പിനിടെ നിലവിളിച്ച് കുഞ്ഞുമോളുടെ മക്കൾ
മുഹമ്മദ് അജ്മലിനെയും ഡോ. ശ്രീക്കുട്ടിയേയും ഇന്നലെ വൈകിട്ട് മൂന്നരയോടെ, സംഭവം നടന്ന ആനൂർക്കാവ് ജംഗ്ഷനിൽ എത്തിച്ചെങ്കിലും പ്രതിഷേധം കാരണം പൊലീസ് ജീപ്പിൽ നിന്ന് ഇറക്കിയില്ല. നാട്ടാുകാർ പൊലീസ് ജീപ്പ് വളഞ്ഞു. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ പെൺമക്കളും ബന്ധുക്കളും നിലവിളിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ഇതോടെ, വാഹനത്തിലിരുന്ന് തെളിവെടുപ്പ് പൂർത്തിയാക്കി കരുനാഗപ്പള്ളി ഭാഗത്തേക്ക് പോയി.
 ആശുപത്രിയിലും പ്രതിഷേധം
പ്രതികൾ രക്ഷപ്പെടുന്നതിനിടെ മറ്റ് അഞ്ച് വാഹനങ്ങളിൽ ഇടിച്ച സ്ഥലങ്ങൾ, രക്ഷപ്പെടാനായി ഓടിക്കയറിയ കരുനാഗപ്പള്ളിയിലെ വീട്, സംഭവം ദിവസം രാവിലെ ഭക്ഷണം കഴിച്ച കരുനാഗപ്പള്ളിയിലെ റസ്റ്റോറന്റ്, ഡോ. ശ്രീക്കുട്ടിയുടെ കരുനാഗപ്പള്ളിയിലെ വാടക വീട്, ഇവർ ഇടയ്ക്ക് തങ്ങാറുള്ള ഹോട്ടൽ മുറി, ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച സുഹൃത്തിന്റെ വീട്, പിന്നീട് മദ്യപിച്ച മൈനാഗപ്പള്ളിയിലെ മൈതാനം എന്നിവിടങ്ങളിലെത്തിച്ചും തെളിവെടുപ്പ് നടത്തി. കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുവന്നപ്പോഴും നിരവധി പേർ പ്രതിഷേധവുമായെത്തി. ശാസ്താംകോട്ട എസ്.എച്ച്.ഒ ആർ. രാജേഷിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.