photo
കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ പ്രവേശന വഴിയിൽ പാർക്ക് ചെയ്തിട്ടുള്ള കാറുകൾ

കൊട്ടാരക്കര: കൊട്ടാരക്കര കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരം വീണ്ടും സ്വകാര്യ വാഹനങ്ങൾ കൈയടക്കി. പ്രവേശന കവാടത്തിലടക്കം കാറുകളും ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്തിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല.

പ്രവേശന കവാടത്തിൽ പലപ്പോഴും ബസുകൾക്ക് കടന്നുപോകാൻ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. തിരക്കേറുന്ന വേളയിൽ പോലും കാറുകളടക്കം പ്രവേശന കവാടത്തിലും സ്റ്റാൻഡിനുള്ളിലും പാർക്ക് ചെയ്തിരിക്കുകയാണ്. സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെ നേരത്തെ കർശന നടപടികളെടുത്തിരുന്നു. കുറച്ചുനാളത്തേക്ക് പാർക്കിംഗ് ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ പഴയതിലും കൂടുതലായി.

രാവിലെ ഇവിടെ കൊണ്ടിടുന്ന വാഹനങ്ങൾ മിക്കതും രാത്രിയിലാണ് തിരികെ കൊണ്ടുപോകുന്നത്. ദീർഘദൂര യാത്രക്കരും ഇപ്പോൾ പണച്ചെലവില്ലാതെ വാഹനം പാർക്ക് ചെയ്യാൻ ബസ് സ്റ്റാൻഡ് പരിസരം ഉപയോഗിക്കുകയാണ്.

കണ്ണടച്ച് അധികൃതർ

 ദിവസവും നൂറുകണക്കിന് ബസുകളാണ് വന്നുപോകുന്നത്

 സംസ്ഥാനത്തെ ഏറ്റവും പ്രധാന ബസ് സ്റ്റാൻഡുകളിലൊന്ന്

 സ്റ്റാൻഡിനുള്ളിൽ അപകടങ്ങളും പതിവ്

 വഴിയിലും സ്റ്റാൻഡിനുള്ളിലും സ്വകാര്യ വാഹനങ്ങൾ കൈയടക്കി

 സ്ഥല പരിമിതി സാരമായി ബാധിക്കുന്നുവെന്ന് ബസ് ഡ്രൈവർമാർ

കാറിനുള്ളിൽ മദ്യപാനവും

സ്റ്റാൻഡിനുള്ളിൽ പാർക്ക് ചെയ്യുന്ന കാറുകളിൽ ഇരുന്ന് പലരും മദ്യപിക്കുന്നുവെന്ന പരാതികളുമുണ്ട്. സന്ധ്യ കഴിഞ്ഞാണ് കൂടുതലും. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഒത്താശയും ഇക്കാര്യത്തിലുണ്ട്.

അനധികൃത പാർക്കിംഗ് പൊലീസ് കണ്ടില്ലെന്ന് നടക്കുകയാണ്. ദിവസവും പത്ത് തവണയെങ്കിലും പൊലീസ് വാഹനം ഇവിടെ എത്താറുണ്ട്. എന്നാൽ അനധികൃത പാർക്കിംഗിന് നടപടി സ്വീകരിക്കാറില്ല.

യാത്രക്കാർ