photo

കൊട്ടാരക്കര: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും സമഗ്ര കൊട്ടാരക്കരയുടെ പ്രവർത്തന ഉദ്ഘാടനവും ഒക്ടോബർ 2ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

കൊട്ടാരക്കര പുലമൺ തോടിന്റെ നവീകരണ- ശുചീകരണ പ്രവർത്തനങ്ങളിലൂടെയാണ് പദ്ധതികളുടെ തുടക്കം. രാവിലെ 9ന് കൊട്ടാരക്കര ബ്രദറൻ ഹാളിന് സമീപത്തും പുലമൺ തോടിന്റെ വശത്തുമുള്ള മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

മന്ത്രി കെ.എൻ.ബാലഗോപാലും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. ഇന്നലെ സംഘാടക സമിതി രൂപീകരണ യോഗം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് അദ്ധ്യക്ഷനായി.

നവകേരള മിഷൻ സംസ്ഥാന കോ ഓഡിനേറ്റർ ടി.എൻ.സീമ, ലാൻഡ് യൂസ് കമ്മിഷണർ യാസ്മിൻ.എൽ.റഷീദ്, കളക്ടർ എൻ.ദേവിദാസ്, റൂറൽ എസ്.പി കെ.എം.സാബു മാത്യു, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രഞ്ജിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു.ജി.നാഥ്, സജി കടുക്കാല, ആർ.പ്രശാന്ത് എന്നിവർ സംസാരിച്ചു. മന്ത്രി കെ.എൻ.ബാലഗോപാൽ ചെയർമാനും നഗരസഭ ചെയർമാൻ എസ്.ആർ.രമേശ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.