കുന്നത്തൂർ:മൈനാഗപ്പള്ളി ആനൂർക്കാവ് ജംഗ്ഷനിൽ സ്‌കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ ഒന്നാം പ്രതി മുഹമ്മദ് അജ്മലുമായി തെളിവെടുപ്പിനെത്തിയ പൊലീസ് ജനരോഷത്തെ തുടർന്ന് മടങ്ങി. രണ്ടാം പ്രതി ഡോ.ശ്രീക്കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റിയ ശേഷമാണ് അജ്മലുമായി ആനൂർക്കാവിൽ എത്തിയത്.
അജ്മലിനെ വൈകിട്ട് മൂന്നോടെയാണ് ശാസ്താംകോട്ട പൊലീസ് തെളിവെടുപ്പിനായി എത്തിച്ചത്. കൊല്ലപ്പെട്ട കുഞ്ഞുമോളുടെ (45) പെൺമക്കളും നാട്ടുകാരായ സ്ത്രീകളും മറ്റുള്ളവരും പൊലീസ് വാഹനം തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രതിയെ സംഭവസ്ഥലത്ത് ഇറക്കാതെ പൊലീസ് മടങ്ങി. ഏറെ വൈകാരികമായാണ് ജനങ്ങൾ പ്രതികരിച്ചത്. തിരുവോണ ദിവസം നടന്ന കാര്യങ്ങളെ കുറിച്ച് വാഹനത്തിലിരുന്ന് പ്രതിയോട് പൊലീസ് ചോദിച്ചറിഞ്ഞു. ഇവിടെ നിന്നും എട്ട് കിലോമീറ്റർ അകലെ ഇടക്കുളങ്ങരയിൽ കാർ ഉപേക്ഷിച്ച് രക്ഷപ്പെടാൻ പ്രതികൾ ഓടിക്കയറിയ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. 4.30 ഓടെ വീണ്ടും ആനൂർക്കാവിൽ എത്തിച്ചെങ്കിലും നാട്ടുകാർ പിരിഞ്ഞു പോയിരുന്നില്ല. ഇതിനാൽ പൊലീസ് വീണ്ടും മടങ്ങി. സംഭവ ദിവസം പ്രതികൾ മദ്യസത്കാരത്തിൽ പങ്കെടുത്ത പറയരുകാവിലെ വീട്ടിലും കാർ നൽകിയ സുഹൃത്തിന്റെ വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസ്ഥലത്ത് തെളിവെടുപ്പിന് എത്തിക്കുമ്പോൾ പ്രതികളുടെ സുരക്ഷ കർശനമായി ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് നിർദ്ദേശം നൽകിയിരുന്നു.