വേറിട്ട കാഴ്ചകളുമായി ദേവ് ജോയ് ലാൻഡ് അമ്യൂസ്‌മെന്റ് പാർക്ക്
കൊല്ലം: കൊല്ലം ബീച്ചിൽ കോർപ്പറേഷന്റെ മഹാത്മാ ഗാന്ധി പാർക്കിൽ ആരംഭിച്ച ദേവ് ജോയ് ലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു നടന്ന മെഗാ ഫ്യൂഷൻ നൈറ്റ് കാണികൾക്ക് പുതിയ അനുഭവമായി.
പ്രശസ്ത വയലിനിസ്റ്റ് എം.ആർ.കെ. മാളവിക, കീബോർഡിസ്റ്റ് സുനിൽ പ്രയാഗ്, വാട്ടർ ഡ്രം പ്ലെയർ സിബിൻ കൊച്ചി തുടങ്ങിയവരാണ് നിറഞ്ഞ സദസിനായി സംഗീത വിരുന്ന് ഒരുക്കിയത്. പ്രത്യേകം സജ്ജമാക്കിയ വേദിയിലേക്ക് കുടുംബസമതേ ആളൊഴുകിയെത്തി. പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന നമ്പറിന് പിന്നിൽ ഒളിഞ്ഞിരിക്കുന്ന താരങ്ങളുടെയും ഗായകരുടെയും ശബ്ദം അനുകരിച്ചും പരിപാടിയെ ടീം അംഗങ്ങൾ കൂടുതൽ കളറാക്കി. മധുരം നുണഞ്ഞ് സംഗീതം ആസ്വദിക്കാനായി പാർക്കിൽ ദേവിന്റെ വൈവിദ്ധ്യമാർന്ന ഐസ്‌ക്രീം കൗണ്ടറുകളും സജ്ജമായിരുന്നു.
കുറഞ്ഞ ചെലവിൽ ഐസ്‌ക്രീം കഴിച്ച് പരിപാടി ആസ്വദിക്കാൻ കഴിയുന്ന തരത്തിലാണ് കൗണ്ടറുകൾ ക്രമീകരിച്ചിരിക്കുന്നത്. 10 മുതൽ 50 രൂപ വരെ വിവിധ രുചികളിലുള്ള ഐസ്‌ക്രീമിന്റെ ശേഖരവും പാർക്കിലെ ഫുഡ്കോർട്ടിൽ ലഭ്യമാണ്. ഇന്ന് വൈകിട്ട് 6ന് സെന്തിൽ ചിറയിൻകീഴ് നയിക്കുന്ന മെഗാഷോ ‘അരം +അരം= കിന്നരം' അരങ്ങേറും.