
കിഴക്കേക്കല്ലട: ചിറ്റുമല മൺറോത്തുരുത്ത് റോഡിൽ സി.വി.കെ.എം ഹൈസ്കൂളിനു സമീപത്തെ പള്ളി ചന്തവളവിനടുത്തുള്ള ഹോമിയോ ക്ലിനിക്കിലേക്ക് ഓട്ടോ നിയന്ത്രണംതെറ്റി പാഞ്ഞ് കയറി ഡോക്ടർക്ക് പരിക്ക്. ചികിത്സയ്ക്കിടെ ഡോ. ചിന്തു എസ്.രാജിനാണ് പരിക്കേറ്റത്. ഇന്നലെ സന്ധ്യയോടെ ആയിരുന്നു അപകടം. കെട്ടിടത്തിന്റെ ഇഷ്ടികകൾ ദേഹത്തേക്ക് വീഴുകയായിരുന്നു. ഈ സമയം ക്ലിനിക്കിലിലുണ്ടായിരുന്ന കുട്ടി ഉൾപ്പെടെ രണ്ട് സ്ത്രീകൾ അത്ഭുതകരമായി രക്ഷപ്പെട്ടു. സാരമായി പരിക്കേറ്റ ചിന്തുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിലെ യാത്രക്കാർക്കും ചെറിയ പരിക്കുകളുണ്ട്. ഓണ ദിവസങ്ങളിൽ ഈ വളവിൽ നടക്കുന്ന അഞ്ചാമത്തെ അപകടമാണിത്.