കൊല്ലം: മകളുടെ സുഹൃത്തായ 19 വയസുകാരനെ, വാക്കു തർക്കത്തിനിടെ അച്ഛൻ ഒറ്റക്കുത്തിന് കൊന്നു. ഇരവിപുരം നാൻസി വില്ലയിൽ ഷിജുവിന്റെ മകൻ അരുൺകുമാർ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇരവിപുരം ശരവണ നഗർ വെളിയിൽ വീട്ടിൽ പ്രസാദ് (46) ശക്തികുളങ്ങര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
ഇന്നലെ വൈകിട്ട് ആറ് മണിയോടെ ഇരട്ടക്കട വലിയകാവ് നഗറിലാണ് സംഭവം. പ്രസാദിന്റെ മകളെ ശല്യം ചെയ്യുന്നുവെന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രസാദ് മകളെ അടുത്തിടെ, ഇരട്ടക്കടയിലെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. അരുൺകുമാർ ഇവിടെയുമെത്തി പെൺകുട്ടിയെ കാണാൻ ശ്രമിച്ചതിന്റെ പേരിൽ പ്രസാദുമായി ഫോണിൽ വാക്കേറ്റമുണ്ടായി. പ്രശ്നം സംസാരിക്കാനായി അരുൺകുമാറിനെ പ്രസാദ് വിളിച്ചു വരുത്തി. സുഹൃത്തുക്കളുമായി ഇരട്ടക്കടയിലെ വീട്ടിലെത്തിയ അരുൺകുമാറുമായി സംസാരിക്കുന്നതിനിടെ വാക്കേറ്റമുണ്ടായി. ഇതിനിടെ പ്രസാദ് കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് അരുൺകുമാറിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ഉടൻതന്നെ ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ശക്തികുളങ്ങര പൊലീസ് കേസെടുത്തു.