കൊല്ലം: യന്ത്രവത്കൃത മത്സ്യബന്ധന മേഖലയെ തകർക്കുന്ന നിലപാടുകൾക്കെതിരെ മത്സ്യബന്ധനമേഖല സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി മത്സ്യമേഖല സംയുക്ത സമരസമിതിയിലെ, ജില്ലയിലെ മത്സ്യത്തൊഴിലാളികൾ ചൊവ്വാഴ്‌ച രാവിലെ 10ന് ശക്തികുളങ്ങര ബസ്ബേയിൽ നിന്നു നീണ്ടകര ഫിഷറീസ് എ.ഡി ഓഫീസ് മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മത്സ്യബന്ധന, വ്യാപാര, കയറ്റുമതി മേഖലകളിലെ തൊഴിലാളികളും നേതാക്കളും രാഷ്ട്രീയ നേതാക്കളും മാർച്ചിൽ പങ്കെടുക്കും. എട്ട് വർഷം പഴക്കമുള്ള പ്ലൈവുഡ് വള്ളങ്ങൾക്കും 12 വർഷം പഴക്കമുള്ള മരബോട്ടുകൾക്കും 15 വർഷം പഴക്കമുള്ള സ്റ്റീൽ ബോട്ടുകൾക്കും ലൈസൻസ് പുതുക്കി നൽകില്ലെന്ന തീരുമാനം ഉപേക്ഷിക്കുക, മത്സ്യബന്ധനയാനങ്ങളുടെ കാലപ്പഴക്കം പരിഗണിക്കാതെ ഫിറ്റ്നസ് പരിശോധിച്ചു ലൈസൻസ് പുതുക്കി നൽകുക, ഡീസലും മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ചു മത്സ്യബന്ധനം നടത്തുന്ന എല്ലാ യാനങ്ങൾക്കും സബ്‌സിഡി നൽകുക, ക്ഷേമനിധി വിഹിതം അടയ്ക്കുന്ന ബോട്ടുകളിലെ തൊഴിലാളികൾക്ക് അന്യസംസ്ഥാന തൊഴിലാളി എന്ന വിവേചനമില്ലാതെ ആനുകൂല്യങ്ങൾ നൽകുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. മത്സ്യമേഖല സംയുക്ത സമരസമിതി ചെയർമാൻ രാജു പട്രോപ്പിൽ, കൺവീനർ അനിൽ ജെയിംസ്, പീറ്റർ മത്തിയാസ്, ജാക്സൺ നീണ്ടകര, ക്ലീറ്റസ് ആന്റണി,രാജൻ പത്രോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.