കൊല്ലം: ജില്ലയിൽ ഓണക്കാലത്ത് ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയത് 268 പരിശോധനകളിൽ, ക്രമക്കേടുകൾ കണ്ടെത്തിയ മൂന്ന് കടകൾ അടപ്പിച്ചു. 65 കടകൾക്ക് നോട്ടീസ് നൽകി. 41 നിരീക്ഷണ സാമ്പിളുകൾ ശേഖരിച്ചു. ഒമ്പതു മുതൽ 13 വരെയാണ് പ്രത്യേക സ്‌ക്വാഡ് ഓണക്കാല പരിശോധന നടത്തിയത്.
ഇക്കാലയളവിൽ ഏറ്റവും അധികം വില്പന നടക്കുന്ന പായസം, പപ്പടം, എണ്ണ, പാൽ, നെയ്യ് എന്നിവ വിൽക്കുന്ന കടകളിലും ബേക്കറികളിലും ഹോട്ടലുകളിലുമാണ് സ്ക്വാഡ് കയറിയിറങ്ങിയത്. സ്ഥാപനങ്ങളുടെ ഭക്ഷ്യ സുരക്ഷാ ലൈസൻസും ജീവനക്കാരുടെ ഹെൽത്ത് കാർഡും പ്രദർശിപ്പിക്കാതിരുന്നതിനും ഭക്ഷ്യ വസ്തുക്കളിൽ ലേബൽ പതിക്കാത്ത പത്തിലേറെ സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടട്ടുണ്ട്.
പാലിന്റെ ഗുണമേന്മ അളക്കാനും വ്യാജ പാൽ കണ്ടെത്താനുമായി ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരുക്കിയിരുന്നത്. പാലിന്റെ 105 സാമ്പിളുകൾ ഇവിടെ നിന്നു ശേഖരിച്ചു. പച്ചക്കറികളുമായെത്തിയ 30ൽ അധികം വാഹനങ്ങൾ കീടനാശിനി പരിശോധനയ്ക്ക് വിധേയമാക്കി. ഫലം വരുന്നത് മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാവകുപ്പ് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ ടി.എസ്. വിനോദ്കുമാർ നേതൃത്വം നൽകി.
ഉപഭോക്താക്കൾക്ക് ഭക്ഷണത്തിന്റെ സുരക്ഷയെക്കുറിച്ച് പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം. ഇതുകൂടാതെ https://www.eatright.foodsafety.kerala.gov.in/ എന്ന പോർട്ടൽ മുഖേനയും പരാതി നൽകാം.