 
കൊല്ലം : അമൃത സ്കൂൾ ഫോർ സസ്റ്റൈനബിൾ ഫ്യൂച്ചർ യുനെസ്കോ ചെയറിന്റെയും അമൃത യുവ ധർമ്മധാരയുടെയും സംയുക്താഭിമുഖ്യത്തിൽ ആലപ്പാട് വെള്ളനാതുരുത്ത് ബീച്ച് ശുചീകരിച്ചു. ഭൗമ ശാസ്ത്ര മന്ത്രാലയത്തിന്റെ സ്വച്ച് സാഗർ സുരക്ഷിത് സാഗർ ക്യാമ്പയിന്റെ ഭാഗമായാണ് ബീച്ച് ശുചീകരണം സംഘടിപ്പിച്ചത്. സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കുന്നതിന്റെയും സമുദ്ര സംരക്ഷണത്തിന്റെയും ഭാഗമായി നടത്തുന്ന ദേശീയതല ക്യാമ്പയിനാണ് സ്വച്ച് സാഗർ സുരക്ഷിത് സാഗർ. അമൃത യുവ ധർമ്മധാരയുടെയും അമൃത സ്കൂൾ ഫോർ സ്റ്റൈനബിൾ ഫ്യൂച്ചറിന്റെയും ഭാഗമായി നൂറിലധികം വളണ്ടിയർമാർ ശുചീകരണത്തിൽ പങ്കാളികളായി. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, മെമ്പർമാരായ ഉദയകുമാരി, സുജിമോൾ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. അദ്ധ്യാപകരായ ഡോ.രവിശങ്കർ, ഡോ.ശബരിനാഥ്,ഡോ.വിജയ്, ഡോ.ശിവപ്രതാപ്, ഡോ.ശ്രുതി, ഡോ. പുനീത, ഡോ.വിനോദ് തുടങ്ങിയവർ ശുചീകരണത്തിന് നേതൃത്വം നൽകി. രാവിലെ ആരംഭിച്ച ശുചീകരണ പ്രവർത്തനത്തിൽ 2 മണിക്കൂറുകൾ കൊണ്ട് 13 ചാക്ക് പ്ലാസ്റ്റിക്കുകൾ ശേഖരിച്ച് പഞ്ചായത്തിന് കൈമാറി. സുസ്ഥിരവികസനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതിനെക്കുറിച്ചും അമൃത സ്കൂൾ ഒഫ് സസ്റ്റൈനബിൾ ഫ്യൂച്ചർ പ്രിൻസിപ്പൽ ഡോ.രവിശങ്കർ സംസാരിച്ചു.