jh
ക്യൂ.എ.സി റോഡിൽ നവീകരണത്തിനായി തുറന്നിട്ട ഓട

കൊല്ലം: ക്യു.എ.സി റോഡിൽ നിന്ന് കർബല റെയിൽവേ സ്റ്റേഷൻ റോഡിലേക്കുള്ള യാത്രയ്ക്കിടെ വലതുവശത്തു കാണുന്ന ഓട, നവീകരണത്തിനായി തുറന്ന ശേഷം അടയ്ക്കാത്തത് അപകടഭീതി സൃഷ്ടിക്കുന്നു.

ഒരുമാസത്തിലേറെയായി ഓട തുറന്നിട്ട്. പക്ഷേ, ഈ ഭാഗത്തേക്ക് അധികൃതർ പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല. ഓടമൂടാനുള്ള സ്ലാബുകൾ അലക്ഷ്യമായി ഇട്ടിരിക്കുന്നതാണ് മറ്റൊരു ഭീഷണി. കുഴിക്കുമുന്നിൽ ആദ്യം അപായസൂചനയായി മരക്കൊമ്പ് കുത്തി നിറുത്തിയെങ്കിലും ഇപ്പോൾ അതും കാണുന്നില്ല. നടന്നു പോകുന്നവരുടെ കാലൊന്നു തെറ്റിയാൽ ഓടയിൽ വീഴുന്ന അവസ്ഥ. രാത്രിയിലാണ് കാൽനട യാത്രികർ ഏറെ വലയുന്നത്.

സ്വകാര്യബസുകൾ അടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. പണി ഏറ്റെടുത്ത കരാറുകാരൻ ആരോഗ്യപ്രശ്നങ്ങൾ കാരണം ആശുപത്രിയിലായതിനാലാണ് പ്രവർത്തനങ്ങൾ തടസപ്പെടുന്നത് എന്നാണ് പൊതുമരാമത്ത് അധികൃതരുടെ വിശദീകരണം. 15 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓട നവീകരണം.

മൂക്കുപൊത്തണം

മലിനജലം നിറഞ്ഞ ഓടയുടെ അടുത്തുകൂടി മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. ഈച്ചയും കൊതുകും പുഴുവും നുരയ്ക്കുന്നു. മഴപെയ്യുമ്പോൾ സ്ഥിതി മോശമാകും. നിരവധി ജ്യൂസ് സ്റ്റാളുകളും ചായക്കടകളും ഇതിന് സമീപത്ത് പ്രവർത്തിക്കുന്നുണ്ട്. കൊതുകുകളും ഈച്ചകളും കടകളിലേക്കും പരിസരപ്രദേശങ്ങളിലേക്കും ഇരച്ചുകയറുകയാണ്. തുറന്നു കിടക്കുന്നതിനാൽ ഓടയിലേക്ക് വലിയതോതിൽ പ്ലാസ്റ്റിക്ക് കുപ്പികളടക്കം വലിച്ചെറിഞ്ഞ നിലയിലാണ്. നഗരത്തിൽ ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധികൾ വർദ്ധിക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ.

ഉടൻ തന്നെ ഓടയുടെ നവീകരണ പ്രവർത്തനം ആരംഭിക്കും - പി.ഡബ്യൂ.ഡി അധികൃതർ

ഓട തുറന്നിട്ടിരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല. കൊതുകു കടി കൊള്ളാതെ ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ് - രഘു, കാൽനടയാത്രക്കാരൻ