അബ്കാരി​ കേസി​ൽ 101 അറസ്റ്റ്


കൊല്ലം: ഓണക്കാലത്ത് ജി​ല്ലയി​ൽ എക്‌സൈസ് നടത്തിയ 1100 പരിശോധനകളി​ൽ നി​ന്ന് 101 പേരെ അബ്കാരി കേസുകളിൽ പി​ടി​കൂടി​.
ലഹരി​ക്കേസി​ൽ അറസ്റ്റി​ലായത് 72 പേർ. 4,630 വാഹനങ്ങൾ പരിശോധിച്ചു, 15 വാഹനങ്ങൾ പിടിച്ചെടുത്തു. 14 മുതൽ 20 വരെയാണ് എക്‌സൈസ് സ്‌ട്രൈക്കിംഗ് ഫോഴ്‌സും എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകളും പരിശോധന നടത്തിയത്.

ജില്ലയിലെ ഒൻപത് സർക്കിളുകളിലും രണ്ട് ചെക്ക് പോസ്റ്റുകളിലുമായിട്ടായിരുന്നു ഓണക്കാല പരിശോധന. രാസലഹരി വിൽപ്പന നിരീക്ഷിക്കാൻ കോളേജുകളിലും അന്യസംസ്ഥാനത്ത് നിന്ന് വരുന്ന ബസുകളിലും റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിലും മഫ്തിയിലുൾപ്പെടെ നിരീക്ഷണം ഏർപ്പെടുത്തി​. കടൽ മാർഗമുള്ള സ്പിരിറ്റ്, മയക്കുമരുന്ന് എന്നിവയുടെ കടത്ത് തടയാൻ നീണ്ടകര കോസ്റ്റൽ പൊലീസുമായി ചേർന്ന് കടൽ പട്രോളിംഗും നടത്തി. ചെക്ക്‌ പോസ്റ്റുകളിൽ എക്‌സൈസ് സ്‌ക്വാഡിന് പുറമേ പൊലീസ്, റവന്യു, ഫോറസ്റ്റ്, ആർ.പി.എഫ് വകുപ്പുകളുമായി സഹകരിച്ചായിരുന്നു പരിശോധന.

117 അബ്കാരികേസുകളി​ൽ നി​ന്നാണ് 101പേരെ അറസ്റ്റ്‌ ചെയ്തത്. ഇവരിൽ നിന്ന് 395 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടികൂടി. ലഹരിമരുന്നുമായി ബന്ധപ്പെട്ട് എൻ.ഡി.പി.എസ് വകുപ്പിൽ 72 കേസുകൾ രജി​സ്റ്റർ ചെയ്തു. 13.59 ഗ്രാം കഞ്ചാവും അഞ്ച് കഞ്ചാവ് ചെടികളും 4.59 ഗ്രാം എം.ഡി.എം.എയും 700 മില്ലി ഗ്രാം ഹെറോയിനും പിടിച്ചെടുത്തവയി​ൽപ്പെടുന്നു.

കോട്പയി​ൽ 665 കേസുകൾ

നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടുള്ള കോട്പ പ്രകാരം 665 കേസുകൾ രജിസ്റ്റർ ചെയ്തു. 340 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങളാണ് പി​ടി​കൂടി​യത്. 1.33 ലക്ഷം രൂപ പി​ഴ ഈടാക്കി​. അന്യസംസ്ഥാന തൊഴിലാളികളുടെ തൊഴിൽ സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു.