യോഗ്യത ഇല്ലാത്ത ഉദ്യോഗസ്ഥരും വണ്ടിയെടുക്കുന്നു

കൊല്ലം: എക്സൈസ് വകുപ്പിൽ നിലവിലുള്ള 350ൽ അധികം വാഹനങ്ങൾ ഓടിക്കാൻ ആകെയുള്ള 'ഔദ്യോഗിക' ഡ്രൈവർമാർ 250ൽ താഴെ മാത്രം. ഡിപ്പാർട്ട്‌മെന്റ് വാഹനം ഓടിക്കാൻ മിനിമം മൂന്ന് വർഷത്തെ ഹെവി ലൈസൻസ് വേണമെന്നിരിക്കെ നാലുചക്ര ലൈസൻസ് മാത്രമുള്ള സിവിൽ എക്സൈസ് ഓഫീസർമാരാണ്, ഡ്രൈവർമാരുടെ ക്ഷാമമുള്ള ഓഫീസുകളിൽ വാഹനങ്ങൾ കൈകാര്യം ചെയ്യുന്നത്. ഇവരുടെ അശ്രദ്ധ മൂലം വാഹനങ്ങൾ അറ്റകുറ്റപ്പണിയിലേക്കാണ് ഓടിക്കയറുന്നതെന്നും ആരോപണമുണ്ട്. ഇക്കാരണങ്ങൾ മൂലം എക്സൈസ് സംഘത്തിന്റെ പരിശോധനകളും കുറഞ്ഞു.

2023ൽ പി.എസ്.സി പ്രസിദ്ധീകരിച്ച എക്‌സൈസ് ഡ്രൈവർമാരുടെ (405/ 2021പരീക്ഷ) പട്ടിക നിലവിലുള്ളപ്പോഴാണ് ഈ ഗതി. ശരാശരി 200 പേർ ജില്ലാ അടിസ്ഥാനത്തിൽ ലിസ്റ്റിലുണ്ട്. ഓരോ ജില്ലയിലും 10 പേരെ മാത്രം ഉൾക്കൊള്ളിച്ചാണ് പി.എസ്.സി അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.അതിനാൽ 14 ജില്ലകളിലും ഡ്രൈവർമാരുടെ കുറവുണ്ട്. നിലവിലുള്ള സിവിൽ എക്‌സൈസ് ഓഫീസർമാർക്ക് ഡ്രൈവർമാരുടെ അധിക ചുമതലകൂടി വഹിക്കേണ്ട സ്ഥിതിയാണ്.

സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കാത്തതിനാൽ, വാഹനങ്ങൾ കൂടിയിട്ടും 277 ഡ്രൈവർ തസ്തികയാണ് നിലവിലുള്ളത്. പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതും സാമ്പത്തിക പ്രതിസന്ധിയുമാണ് നിയമന തടസത്തിന് കാരണമായി അധികൃതർ പറയുന്നത്.

ഋഷിരാജ് സിംഗ് എക്‌സൈസ് കമ്മിഷണർ ആയിരിക്കെ, എക്‌സൈസ് വകുപ്പിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു വാഹനത്തിന് രണ്ട് ഡ്രൈവർമാർ എന്ന അനുപാതം നിർദേശിച്ചിരുന്നു. എന്നാൽ ഇത് പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറായില്ല.

ലഹരി സംഘങ്ങളെ കുടുക്കാൻ ചെക്ക് പോസ്റ്റുകൾക്കു പുറമേ ഗ്രാമങ്ങളിലും സാന്നിദ്ധ്യമുറപ്പാക്കുന്നതിനായി എക്‌സൈസ് വകുപ്പ് പുറത്തിറക്കിയ 'കെമു'വിലും (കേരള എക്സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ്) വേണ്ടത്ര ഡ്രൈവർമാർ ഇല്ല. മിക്ക ജില്ലകളിലും വിരമിക്കുന്ന ഒഴിവിലേക്ക് മാത്രമാണ് നിലവിൽ നിയമനം.

ഇടപെടൽ അനിവാര്യം

എക്‌സൈസ് എൻഫോഴ്‌സമെന്റ് പ്രവർത്തനങ്ങൾക്കും ഹൈവേ പട്രോളിംഗിനും ചെക്ക് പോസ്റ്റുകളിലും മറ്റ് ഓഫീസുകളിലും വാഹനങ്ങളുടെ എണ്ണത്തിന് അനുസരിച്ച് ഡ്രൈവർ തസ്തിക സൃഷ്ടിച്ചിട്ടില്ല. വാഹനത്തിന്റെ പരിപാലന ചുമതല ഉൾപ്പെടെ നിർവഹിക്കേണ്ടത് എക്‌സൈസ് ഡ്രൈവർമാരാണ്. മറ്റുള്ളവർ ഡ്രൈവിംഗ് സീറ്റിലെത്തുമ്പോൾ ഈ ഉത്തരവാദിത്വം കാട്ടാറില്ല. ഇത് സേനയ്ക്ക് മറ്റൊരു ബാദ്ധ്യതയുമാണ്.