
ഓയൂർ: വെളിയം പരുത്തിയറയിൽ സ്വകാര്യ ബസ് ബൈക്കിലിടിച്ച്, ബൈക്ക് യാത്രികനായ യുവ എൻജിനിയർക്ക് ദാരുണാന്ത്യം. ആർട്ട് ഒഫ് ലിവിംഗ് കൊല്ലം ജില്ലാ കോ-ഓർഡിനേറ്റർ കൊല്ലം മയ്യനാട് കൊന്നയിൽ കിഴക്കതിൽ വീട്ടിൽ പ്രദീപിന്റെയും (പ്രൊപ്രൈറ്റർ, കാർത്തിക ബാങ്ക്) ഉമ പ്രദീപിന്റെയും (മഹേശ്വരി, മേടയിൽ മങ്ങാട്) മകൻ പി. ദേവദത്തനാണ് (24) മരിച്ചത്. ഇന്നലെ രാവിലെ 7.50നായിരുന്നു അപകടം. പൂയപ്പള്ളിയിൽ നിന്നു കൊട്ടാരക്കര ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എതിർദിശയിൽ വന്ന ബസും വെളിയം പരുത്തിയറ പെട്രോൾ പമ്പിന് സമീപം കൂട്ടിയിടിക്കുകയായിരുന്നു.
മുട്ടറ മരുതിമലയിലേക്ക് കൂട്ടുകാരുമായി പോകുമ്പോഴായിരുന്നു അപകടം. ദേവദത്തൻ ബുള്ളറ്റിൽ ഒറ്റയ്ക്കും മറ്റുള്ളവർ മറ്റൊരു ബൈക്കിലുമായിരുന്നു. അപകടമുണ്ടായ ഉടൻതന്നെ മീയണ്ണൂർ അസീസിയ മെഡി. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഏക സഹോദരി ധീനിധി പ്രദീപ്. സംസ്കാരം ഇന്ന് രാവിലെ 11ന് കൊന്നയിൽ കിഴക്ക് വീട്ടുവളപ്പിൽ. പൂയപ്പള്ളി എസ്.എച്ച്.ഒ എസ്.ടി. ബിജു, പ്രിൻസിപ്പൽ എസ്.ഐ ബാലാജി എസ്.കുറുപ്പ്, എസ്.ഐമാരായ ചന്ദ്രകുമാർ, രാജേഷ് എന്നിവർ സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. മൃതദേഹം കൊട്ടിയം ഹോളി ക്രോസ് ആശുപത്രി മോർച്ചറിയിൽ.