15 സ്പെഷ്യൽ യാത്രകൾ, വരുമാനം 7.43 ലക്ഷം


കൊല്ലം: ഓണക്കാലത്ത് കെ.എസ്.ആർ.ടി​.സി​ കൊല്ലം ബഡ്ജറ്റ് ടൂറിസം സെൽ സംഘടിപ്പിച്ച 15 യാത്രകളിൽ നിന്നായി ലഭി​ച്ച വരുമാനം 7.43 ലക്ഷം. തിരുവോണ ദിവസം ആരംഭിച്ച ഓണക്കാല യാത്ര ഇന്നലെയാണ് അവസാനിച്ചത്.

തിരുവോണ നാളി​ൽ ഓണസദ്യ ഉൾപ്പെടെയായിരുന്നു ട്രിപ്പ്. പൊന്മുടിയിലേക്ക് നടത്തിയ ഈ യാത്രയ്ക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. കൂടാതെ കൊച്ചി​യി​ൽ നി​ന്നുള്ള കപ്പൽ യാത്ര, ഗവി കാനന യാത്ര, കൊച്ചരീക്കൽ ഗുഹ, റോസ്‌മല, മൂന്നാർ- കാന്തല്ലൂർ, പഞ്ച പാണ്ഡവ ക്ഷേത്രങ്ങൾ എന്നിവി​ങ്ങളി​ലെ സന്ദർശനം ഉൾപ്പെടെ വ്യത്യസ്തങ്ങളായ യാത്രകളാണ് കൊല്ലം കെ.എസ്.ആർ.ടി​.സി​ ഇത്തവണ ഒരുക്കിയത്.

28 ന് ഗവിയിലേക്കും കൊച്ചരീക്കൽ ഗുഹയിലേക്കും 29 ന് പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിലേക്കും പാണിയേലി പോരിലേക്കുമാണ് ഈ മാസം ചാർട്ട് ചെയ്തിട്ടുള്ള മറ്റ് ട്രിപ്പുകൾ. അടുത്തമാസം വ്യത്യസ്തങ്ങളായ നിരവധി യാത്രകളും തയ്യാറാക്കിയിട്ടുണ്ട്. ഒക്ടോബർ ആറിന് 'പത്തനംതിട്ടയിലെ ക്ഷേത്രങ്ങൾ' എന്ന തീർത്ഥാടന യാത്ര മണ്ണടി, മലയാലപ്പുഴ പെരിനാട്, കവിയൂർ തിരുവല്ലഭ ക്ഷേത്രങ്ങളി​ലേക്കാണ്.

ഗവി​ യാത്ര രണ്ടു ദി​വസം

ജനപ്രിയ കാനന യാത്രയായ ഗവി ട്രി​പ്പ് ഒക്ടോബർ 7, 28 ദിവസങ്ങളിലാണ്. 10 ന് കപ്പൽ യാത്ര നടക്കും. കൊല്ലത്തുനിന്നും ലോ ഫ്ളോർ എ.സി ബസിൽ പുറപ്പെട്ട് എറണാകുളം മറൈൻഡ്രൈവിലെത്തി​ അഞ്ചുമണിക്കൂർ നെഫർട്ടിട്ടി എന്ന ക്രൂയിസ് കപ്പലിൽ അറബിക്കടലിൽ ചുറ്റി മടങ്ങിയെത്തുന്ന യാത്രയി​ൽ ആളൊന്നി​ന് 4,240 രൂപയാണ്. ഒക്ടോബർ 12, 26 ദിവസങ്ങളിൽ മൂന്നാർ യാത്ര. 12ന് തട്ടാരമ്പലം, പനച്ചിക്കാട്, ചോറ്റാനിക്കര, പറവൂർ ദക്ഷിണ മൂകാംബിക എന്നീ സരസ്വതി ക്ഷേത്രങ്ങൾ സന്ദർശിക്കും. 13 ന് റോസ്‌മല, ഇല്ലിക്കൽ കല്ല്, ഇലവീഴാ പൂഞ്ചിറയിലേക്ക്. 18ന് കൊല്ലത്തു നിന്നു കണ്ണൂർ, കോഴിക്കോട് ജില്ലകൾ സന്ദർശിക്കുന്ന പുതിയ യാത്രയും ഉണ്ടായിരിക്കും. ഫോൺ​: 9747969768, 9495440444.