ഭൂമിവാങ്ങാൻ നൽകുന്നത് രണ്ടു ലക്ഷം രൂപ

കൊല്ലം: ഭൂരഹിതരായ അതിദരിദ്രരുടെ പുനരധിവാസം, സർക്കാർ നിശ്ചയിച്ച രണ്ട് ലക്ഷം രൂപയ്ക്ക് ഭൂമി കിട്ടാത്തതി​നാൽ പ്രതിസന്ധിയിൽ. ജില്ലയിൽ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ട 578 ഭവനരഹിതരിൽ 55 പേർക്ക് മാത്രമാണ് രണ്ട് വർഷത്തിനിടെ വീട് നിർമ്മിച്ച് നൽകിയത്. ഇതിൽ വിരലിലെണ്ണാവുന്ന ഭൂരഹിതർക്കാണ് സ്ഥലം വാങ്ങി വീട് നിർമ്മിച്ചത്.

ഭൂരഹിതരായ അതിദരിദ്രർക്ക് സ്ഥലം വാങ്ങാൻ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളും വാർഷിക പദ്ധതിയിൽ പണം വകയിരുത്തുകയും അതത് പ്രദേശത്തെ ഭൂരഹിത, ഭവനരഹിതരെ ഗുണഭോക്താക്കളായി​ തി​രഞ്ഞെടുക്കുകയും ചെയ്തി​രുന്നു. രണ്ട് ലക്ഷം രൂപയ്ക്ക് ഭൂമി വാങ്ങാൻ ഇവരിൽ പലരും നാടാകെ അലഞ്ഞെങ്കിലും ഫലമുണ്ടായി​ല്ല. ജനപ്രതി​നി​ധി​കളുടെ കാര്യമായ സഹായവും ലഭി​ച്ചി​ല്ല. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വാങ്ങാൻ നാമമാത്ര ആളുകൾക്ക് 2 ലക്ഷം രൂപ വീതം നൽകുന്നുണ്ട്. ഇവർ സർക്കാർ വിഹിതത്തിന് പുറമേ സ്വന്തം കൈയിലുള്ള പണം കൂടി ഉപയോഗിച്ചാണ് ഭൂമി വാങ്ങുന്നത്. എന്നാൽ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നവർ നയാപൈസ ചെലവാക്കാൻ നിവൃത്തിയില്ലാത്തവരാണ്. അതി​നാൽ ഇവർ ഒരുതുണ്ട് ഭൂമി​യെങ്കി​ലും വാങ്ങണമെന്നുണ്ടെങ്കി​ൽ സർക്കാർ കൂടുതൽ പണം അനുവദിക്കേണ്ടി​വരും.

 തത്കാലം വാടക വീടുകൾ

ഒറ്റയ്ക്ക് താമസിക്കുന്ന ഭൂരഹിത അതിദരിദ്രർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് പകരം വാടക വീടുകളിലേക്കോ കെട്ടിടങ്ങളിലേക്കോ മാറ്റാനാണ് പുതിയ തീരുമാനം. ഇവരുടെ കാലശേഷം വീടുകൾ ഉടമസ്ഥരില്ലാതെ അനാഥമാകുന്ന സാഹചര്യം ഒഴിവാക്കാനാണി​ത്.

...................................

 രണ്ട് ലക്ഷം രൂപയ്ക്ക് ഭൂമി ലഭിക്കുന്നില്ലെന്ന് പരാതി

 തദ്ദേശ സ്ഥാപനങ്ങൾ നീക്കിവയ്ക്കുന്ന പണം പാഴാകുന്നു
 സന്നദ്ധ സംഘടനകൾ വീട് നൽകുന്നത് ഭൂമിയുള്ളവർക്ക്

 ഭൂമി വാങ്ങാൻ സ്പോൺസർഷിപ്പും ലഭിക്കുന്നില്ല

ഭൂരഹിതരായ ഭവനരഹിതർക്ക് വീട് നിർമ്മിക്കാനുള്ള സ്ഥലത്തിനായി സുമനസുകളുടെ അടക്കം സഹായം തേടുകയാണ്

ദാരിദ്ര്യ ലഘൂകരണ വിഭാഗം അധികൃതർ