തിരക്കു കാരണം ട്രെയിനിൽ കുഴഞ്ഞു വീഴുന്നവർ ഏറെ
കൊല്ലം: തിക്കിത്തിരക്കിൽ യാത്രക്കാർ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ പതിവായിട്ടും കൂടുതൽ ജനറൽ കോച്ചുകളും പുതിയ സർവ്വീസുകളും അനുവദിക്കാതെ റെയിൽവേയുടെ കടുംപിടിത്തം. ട്രെയിനുകളിൽ കയറിപ്പറ്റാനാവാത്തതിനാൽ കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്താനാവാത്തവരും അനവധി.
എറണാകുളം ഭാഗത്തേക്ക് രാവിലെ ജോലിക്ക് പോകുന്നവർക്ക് ആശ്രയിക്കാവുന്ന ആറ് ട്രെയിനുകളുണ്ട്. എറണാകുളം, ആലപ്പുഴ, കോട്ടയം അടക്കമുള്ള ജില്ലകളിലെ വിവിധ സർക്കാർ ഓഫീസുകളിലെയും സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് പുറമേ ആയിരക്കണക്കിന് വിദ്യാർത്ഥികളും ഈ ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. ഇതിൽ രണ്ടെണ്ണം പുലർച്ചെ അഞ്ചിന് മുൻപാണ്. പല ട്രെയിനുകളിൽ നിന്നു യാത്രക്കാർ ഇറങ്ങിക്കഴിയുമ്പോൾ തന്നെ അടുത്തത് പുറപ്പെടുന്ന സമയമാകും. അതിനാൽ ട്രെയിനിലേക്ക് ചാടിക്കയറുന്നത് കൊല്ലം റെയിൽവേ സ്റ്റേഷനിലെ പതിവ് കാഴ്ചയാണ്. തിരക്കേറിയ ദിവസങ്ങളിൽ ബോഗികൾക്ക് പുറത്ത് യാത്രക്കാർ തൂങ്ങിക്കിടക്കുന്ന അവസ്ഥയമുണ്ട്. സ്ഥിരം യാത്രക്കാരായ സീസൺ ടിക്കറ്റുകാരാണ് ഈ ദുരിതം അനുഭവിക്കുന്നത്.
രാവിലെ ആറിനു ശേഷമുള്ള ട്രെയിനുകൾ ലഭിച്ചാൽ എറണാകുളം വരെയുള്ളവർക്ക് ഓഫീസിൽ കൃത്യസമയത്ത് എത്താം. പക്ഷെ ഈ ട്രെയിനുകളിലെ കയറിപ്പറ്റാൻ കഴിയുമോയെന്ന ആശങ്ക കാരണം നൂറുകണക്കിന് യാത്രക്കാർ പുലർച്ചെ വീട്ടിൽ നിന്നിറങ്ങി 4.50ന് കൊല്ലത്ത് നിന്നു പുറപ്പെടുന്ന പാലരുവിയേയും 4.28ന് പുറപ്പെടുന്ന ഏറനാടിനെയും ആശ്രയിക്കേണ്ട അവസ്ഥയാണ്. ഇവരിൽ പലരും ട്രെയിനുകളിലിരുന്നാണ് പ്രഭാതഭക്ഷണം കഴിക്കുന്നത്.
...............................
 സീസൺ ടിക്കറ്റിന് ആനുപാതികമായി ജനറൽ കോച്ചില്ല
 മറ്റ് കോച്ചുകളിൽ കയറുന്നവർക്ക് പിഴ ചുമത്തുന്നത് പതിവ്
 യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന സമയങ്ങളിൽ കൂടുതൽ ട്രെയിനില്ല
 കൂടുതൽ സർവീസ് ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കുന്നില്ല
...............................
കൊല്ലത്ത് നിന്നു രാവിലെ എറണാകുളത്തേക്കുള്ള ട്രെയിനുകൾ
 പാലരുവി- 4.45
 വേണാട്- 6.34
 പരശുറാം- 7.24
 ശബരി- 7.48
 ശതാബ്ദി- 6.55
 ഏറനാട്- 4.25
സീസൺ ടിക്കറ്റുകാർക്ക് കയറാവുന്ന കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണം. അല്ലെങ്കിൽ ട്രെയിനുകൾക്കുള്ളിൽ ദുരന്തങ്ങളുണ്ടാകും. പ്രയോജനപ്പെടുന്ന തരത്തിൽ കൂടുതൽ മെമു സർവ്വീസുകളടക്കം ആരംഭിക്കണം
ലിയോൺസ്, ഫ്രണ്ട്സ് ഓൺ റെയിൽസ്