കൊല്: യുവകലാസാഹിതി സംസ്ഥാന നേതൃത്വ ക്യാമ്പ് 28, 29 തിയതികളിൽ തെന്മലയിലെ ശെന്തുരുണി വന്യജീവിസംരക്ഷണകേന്ദ്രത്തിൽ നടക്കും. തിരഞ്ഞെടുക്കപ്പെട്ട 100 പ്രതിനിധികളും 50 നിരീക്ഷകരും പങ്കെടുക്കും. പരിസ്ഥിതിയും സാംസ്കാരിക രംഗത്തെ അപചയങ്ങളുമാണ് ക്യാമ്പിന്റെ മുഖ്യചർച്ചാവിഷയം.

28ന് രാവിലെ 10.15 ന് സി.പി.ഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പ്രകാശ്ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പി.പി. സുനീർ എം.പി യുവകലാസാഹിതി സുവർണജൂബിലി ലോഗോ പ്രകാശനം ചെയ്യും. യുവകലാസാഹിതി സംസ്ഥാന പ്രസിസന്റ് ആലങ്കോട് ലീലാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഉദ്ഘാടന സമ്മേളനത്തിൽ എഴുത്തുകാരൻ റാംമോഹൻ പാലിയത്ത്, ചലച്ചിത്ര സംവിധായികയും നടിയുമായ ഐ.ജി. മിനി, എം. സലിം, അഡ്വ.മണിലാൽ എന്നിവർ സംസാരിക്കും. വി.പി. ഉണ്ണിക്കൃഷ്ണൻ സ്വാഗതവും ആർ. മദനമോഹനൻ നന്ദിയും പറയും.

ഉച്ചയ്ക്ക് 12 ന് 'രാഷ്ട്രീയ നൈതികതയിൽ സാംസ്കാരിക ഇടപെടൽ' എന്ന വിഷയത്തിൽ ചർച്ച. ഡോ. വത്സലൻ വാതുശ്ശേരി, എം.എം. സചീന്ദ്രൻ എന്നിവർ വിഷയം അവതരിപ്പിക്കും. എ.പി. കുഞ്ഞാമു, സി.വി. പൗലോസ്, വി.ഐഷാബീവി എന്നിവർ ചർച്ച നയിക്കും. ഉച്ചയ്ക്ക് 2 ന് എസ്. ഹീരാലാലിന്റെ പ്രഭാഷണം, 29ന് രാവിലെ 7 ന് തെന്മല ഇക്കോ ടൂറിസം മേഖലയിലും പാലരുവിയിലും വനയാത്ര. രാവിലെ 10 ന് ഡോ.കെ.ജി. താരയുടെ പ്രഭാഷണം. വൈകിട്ട് 3 ന് സമാപന സമ്മേളനം പി.എസ്. സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ടി.കെ. വിനോദന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഗീതാ നസീർ, ആർ.വിജയകുമാർ, അജയപ്രസാദ്, കെ.രാധാകൃഷ്ണൻ, ആർ.മോഹനൻ, ശ്രീദേവി പ്രകാശ് എന്നിവർ സംസാരിക്കും. രാജു കൃഷ്ണൻ സ്വാഗതവും വി.വിഷ്ണുദേവ് നന്ദിയും പറയും.