മാലിന്യം കുന്നുകൂടി ചിന്നക്കടയും പരിസരവും
കൊല്ലം: നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ചിന്നക്കട ബസ് ബേയിലും പരിസരത്തും മാലിന്യങ്ങൾ നിറഞ്ഞിട്ടും തിരിഞ്ഞുനോക്കാതെ അധികൃതർ. ബസ് ബേയുടെ വശങ്ങളിലും പരിസരത്തും ഭക്ഷണാവശിഷ്ടങ്ങളും പ്ലാസറ്റിക്കും ഉൾപ്പെടെ നിറയുകയാണ്. നിത്യേന നൂറുകണക്കിനാളുകൾ എത്തുന്ന ബസ് സ്റ്റാൻഡാണ് ഇത്രയേറെ മലിനമായി കിടക്കുന്നത്.
രൂക്ഷമായ ദുർഗന്ധം സഹിച്ചാണ് യാത്രക്കാർ ഇവിടെ ബസ് കാത്ത് നിൽക്കുന്നത്. ഭക്ഷണമാലിന്യങ്ങൾ തിന്നാനെത്തുന്ന തെരുവ് നായ്ക്കൾ, കവറിൽ കെട്ടി ഉപേക്ഷിച്ച മാലിന്യങ്ങൾ കടിച്ചു കീറി ബസ് സ്റ്റാൻഡിലും പരിസരത്തും മറ്റും ഇടുന്നത് യാത്രക്കാർക്ക് വല്ലാത്ത ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ആശുപത്രി മാലിന്യങ്ങളും മറ്റ് മാലിന്യങ്ങളും ഉൾപ്പെടെയുള്ളവ ബസ് സ്റ്റാൻഡിനു താഴെ മലിനജലവുമായി കൂടിക്കലർന്ന് അറപ്പുളവാക്കുന്ന അവസ്ഥയുമുണ്ട്.
ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗങ്ങൾ നടക്കുന്ന സ്ഥലത്തും അതിനു താഴെയുമാണ് പ്രധാനമായും മാലിന്യങ്ങൾ തള്ളുന്നത്. രാത്രി വാഹനങ്ങളിലെത്തി വലിച്ചെറിയുന്നവരാണ് ഏറെയും. നിരന്തരം പരാതികൾ നൽകിയിട്ടും ഫലമുണ്ടാവുന്നില്ലെന്ന് പ്രദേശവാസികളും സ്ഥിരം യാത്രികരും പറയുന്നു. നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതിനാൽ ചിന്നക്കട ബസ്‌ബേ പരിസരത്ത് യഥേഷ്ടം മാലിന്യം തള്ളാവുന്ന സ്ഥിതിയാണ്.
പകർച്ചവ്യാധി ഭീഷണി
ആളുകൾ ഏറ്റവും കൂടുതൽ എത്തുന്നിടത്ത് മാലിന്യങ്ങൾ കുന്നുകൂടുന്നതിനാൽ പകർച്ചവ്യാധി ഭീഷണി
മഴവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൊതുകുകൾ പെരുകുന്നു
യാത്രികർക്കുൾപ്പെടെ ഡെങ്കിപ്പനി സാദ്ധ്യത, എലിപ്പനി ഭീഷണിയുമുണ്ട്
ബസ് സ്റ്റാൻഡ് പരിസരത്തെ തെരുവ് നായ ശല്ല്യം മറ്റൊരു തലവേദന
ചിന്നക്കട ബസ്‌ബേയിലും പരിസരത്തും കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഒഴിവാക്കും. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും
കോർപ്പറേഷൻ അധികൃതർ