കൊല്ലം: ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഹരിതപ്രോട്ടോക്കോൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ എൻ. ദേവീദാസ് പറഞ്ഞു. ഒക്ടോബർ രണ്ടിന് കൊട്ടാരക്കരയിൽ മാലിന്യമുക്തം നവകേരളം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓഫീസുകളിൽ പ്ലാസ്റ്റിക് കപ്പുകൾ അടക്കം ഉപയോഗിക്കുന്നത് ഒഴിവാക്കും. ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ച് ശേഖരിക്കാൻ ഓഫീസുകളിലുള്ള ക്രമീകരണങ്ങൾ പരിശോധിക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധന നടത്തും. പൊതു സ്ഥലങ്ങളിൽ മാലിന്യനിക്ഷേപം നടത്തുന്നവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കും. ജില്ലയിലെ ജലാശയങ്ങളുടെ ശുചീകരണത്തിനും നടപടികൾ സ്വീകരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങൾ, സന്നദ്ധസംഘടനകൾ, വിദ്യാർത്ഥികൾ, ക്ലബ്ബുകൾ, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, റസിഡൻസ് അസോസിയേഷൻ എന്നിവയുടെയെല്ലാം സഹകരണത്തോടെ താഴേത്തട്ട് മുതൽ വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്താനാണ് തീരുമാാനമെന്നും കളക്ടർ അറിയിച്ചു.
യോഗത്തിൽ സബ്കളക്ടർ നിഷാന്ത് സിഹാര, നവകേരള മിഷൻ ജില്ലാ കോഡിനേറ്റർ എസ്. ഐസക്ക്, ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ.അനിൽ കുമാർ, എൻ.എസ്.എസ്. പ്രതിനിധി പി.എ.സജിമോൻ, ജില്ലാ തല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.