കുന്നത്തൂർ: വടക്കൻ മൈനാഗപ്പള്ളി ആനൂർക്കാവിൽ തിരുവോണ ദിവസം വൈകിട്ട് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയെ ഇടിച്ചിട്ടശേഷം കാർ കയറ്റിയിറക്കി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഇടക്കുളങ്ങര പുന്തല തെക്കതിൽ മുഹമ്മദ് അജ്മലിന്റെ (29) ജാമ്യാപേക്ഷ ശാസ്താംകോട്ട ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി തള്ളി. അഡ്വ.നിഥിൻഘോഷ് മുഖേനയാണ് ജാമ്യഹർജി നൽകിയത്. അസി.പബ്ലിക് പ്രോസിക്യൂട്ടർ ശിഖ ശക്തമായി എതിർത്തു. പ്രതി പുറത്തിറങ്ങുന്നത് അയാൾക്കു തന്നെ അപകടമാണെന്ന് കൊല്ലപ്പെട്ട കുഞ്ഞുമോളുടെ ഭർത്താവ് നൗഷാദിനു വേണ്ടി ഹാജരായ അഡ്വ. കണിച്ചേരി സുരേഷ് കോടതിയെ അറിയിച്ചു. തുടർന്നാണ് മജിസ്ട്രേറ്റ് ആർ. നവീൻ ജാമ്യഹർജി തള്ളിയത്.