 5000ത്തോളം കായിക താരങ്ങൾ പങ്കെടുക്കും

കൊല്ലം: ജില്ലാ അത്‌ലറ്റിക് മീറ്റ് 28ന് വൈകിട്ട് 3.30ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. എസ്.വി ഗ്രൂപ്പ് കമ്പനി ചെയർമാനും സിനിമ നിർമ്മാതാവുമായ വിനായക അജിത് മുഖ്യാതിഥിയാവും. സ്വാഗതസംഘം ചെയർമാനും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റുമായ എക്സ്. ഏണസ്റ്റ്, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി. പ്രേമാനന്ദ്, സെക്രട്ടറി ഡോ. ജെ. ജയരാജ് എന്നിവർ പങ്കെടുക്കും.
എൻട്രികൾ നൽകാനുള്ള അവസാന തീയതി 22 ന് അവസാനിച്ചെങ്കിലും സ്കൂളുകളും കോളേജുകളും അവധിയായതിനാൽ നീട്ടി നൽകണമെന്ന അഭ്യർത്ഥന മാനിച്ച് 25ന് വൈകിട്ട് 6 വരെ അസോസിയേഷന്റെ ഔദ്യോഗിക മെയിൽ ഐഡിയിൽ എൻട്രികൾ സ്വീകരിക്കും. (kdaa.1956@gmail.com). അയ്യായിരത്തോളം കായികതാരങ്ങളെ പ്രതീക്ഷിക്കുന്ന മേളയിലേക്ക് എൻട്രികൾ എത്തിത്തുടങ്ങി. കൊല്ലം ആശ്രാമം മൈതാനത്ത് മീറ്റിനായി പ്രത്യേക സൗകര്യമാണ് സജ്ജീകരിക്കുന്നത്. ഫൈനലുകളെല്ലാം ഫ്ലഡ് ലൈറ്റിൽ നടക്കുന്നത് മീറ്റിന്റെ ആകർഷണീയതയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഫോട്ടോ ഫിനിഷ് ക്യാമറകൾ മത്സരത്തിന്റെ വിധി നിർണയത്തിന് ഉപയോഗിക്കും. കായികതാരങ്ങൾക്കുള്ള മെഡലുകൾ പ്രത്യേകമായി രൂപകല്പന ചെയ്ത് ഉത്തർപ്രദേശിൽ നിന്ന് എത്തിച്ചിട്ടുണ്ട്. കൊല്ലത്തെ മുൻ കായിക താരങ്ങളാണ് മെഡലുകൾ സ്പോൺസർ ചെയ്യുന്നത്. മെഡലുകൾ ഔദ്യോഗികമായി ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ എക്സ്. ഏണസ്റ്റിനു കൈമാറും. ഓവറോൾ ചാമ്പ്യന്മാർക്ക് നൽകുന്ന ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ട്രോഫി ഉൾപ്പെടെ പുതുതായി രൂപകൽപ്പന ചെയ്ത 18 ട്രോഫികൾ അവസാന മിനുക്കു പണിയിലാണ്.