
രാജ്യത്തെ ആദ്യ ജാക് ഫോറസ്റ്റോറിയം
കൊല്ലം: പ്രകൃതിയുടെ ഹൃദ്യഭാവങ്ങൾ ആവാഹിച്ച് മരതകപ്പച്ച അണിഞ്ഞുനിൽക്കുകയാണ് കേരളത്തിലെ ആദ്യ ശാസ്ത്രീയ പ്ലാവിൻ തോട്ടമായ തപോവൻ. ഹ്യൂമൻ വെൽനസും ഹ്യൂമൻ ഹാപ്പിനസും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ജാക് ഫോറസ്റ്റോറിയമാണ് തപോവൻ. ആവോളം പ്രാണവായു നുകർന്നും വൃക്ഷങ്ങളുടെ തണലും കുളിരും തലോടലുമേറ്റ് മനസിന്റെ സംഘർഷങ്ങളും ആയാസങ്ങളും ഇറക്കിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കായി ഈ മാസം 26 മുതൽ ഈ ബയോ പാർക്ക് തുറക്കുകയാണ്.
രാജ്യാന്തര നിലവാരമുള്ള സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ പാർക്ക്, ബാലി ടെംപിൾ ഗേറ്റ്, മംഗോളിയൻ പഗോഡ, പാർട്ടി ഹാൾ, ഡൈനിംഗ് ഏരിയ, കഫെറ്റേരിയ, വെള്ളച്ചാട്ടം, പൂപ്പാടം, ബയോകേവ്, ബട്ടർഫ്ലൈ പാർക്ക്, കരിമ്പിൻപാടം, ആംഫി തീയേറ്റർ, മഴ നൃത്തം, ആർച്ചറി ആൻഡ് ഷൂട്ടിംഗ് റേഞ്ച്, ഫാം സ്റ്റേ, സൈലന്റ്വാലി പോലെ സ്വച്ഛമായ രണ്ട് കിലോമീറ്റർ വാക്ക് വേ ഇങ്ങനെ നീളുന്നു തപോവനിലെ മനമിളക്കുന്ന സൗകര്യങ്ങൾ. ശുദ്ധവായു പരത്തി അറുന്നൂറിലധികം പ്ലാവുകൾ സഹിതം നിബിഡവൃക്ഷ സമൃദ്ധമാണ് തപോവൻ. ഇങ്ങനെ ശുദ്ധജലം, ശുദ്ധവായു, വിഷരഹിത ഭക്ഷണം, പ്ലാസ്റ്റിക് രഹിതവും മാലിന്യരഹിതവുമായ ചുറ്റുപാട് എന്നിവ ഒരേസമയം ലഭിക്കുന്ന മാതൃകാ കേന്ദ്രമാണ്.
പ്രാണായാമം, യോഗ തുടങ്ങിയവയ്ക്കായി ധ്യാന കേന്ദ്രവുമുണ്ട്. പ്രകൃതി പരിപാലനത്തിന്റെ പുതിയ മാതൃക കൂടിയാണ് തപോവൻ. ഈ വിശുദ്ധ ഭൂമിയിലൂടെ സഞ്ചരിക്കുമ്പോൾ പ്രകൃതിയെ നോവിക്കാതെ സ്വന്തം ജീവിതവും പരിസരവും എങ്ങനെ സംരക്ഷിച്ച് വരുംതലമുറയ്ക്കായി കരുതിവയ്ക്കാമെന്ന നല്ലപാഠം നമ്മുടെ ഹൃദയത്തിൽ നിറയുമെന്ന കാര്യം ഉറപ്പ്. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന തപോവനിന്റെ സമർപ്പണ ചടങ്ങിൽ എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, പത്തനാപുരം ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി ഡോ. പുനലൂർ സോമരാജൻ, ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ, നടനും എഴുത്തുകാരനുമായ പ്രൊഫ. അലിയാർ, സിനിമാ-സീരിയൽ നടൻ ശിവകുമാർ ഗുരുക്കൾ തുടങ്ങിയവർ പങ്കെടുക്കും.