
കൊല്ലം: സാമൂഹ്യ പ്രതിബദ്ധതയുള്ള മികച്ച യുവ പ്രവാസി വ്യവസായിക്കുള്ള വി.ഗംഗാധരൻ സ്‌മാരക ട്രസ്‌റ്റ് അവാർഡിന് ജെ.കെ.മേനോനെ തിരഞ്ഞെടുത്തു. ഖത്തർ ആസ്ഥാനമായ എ.ബി.എൻ കോർപ്പറേഷൻ ചെയർമാനും നോർക്ക റൂട്ട്‌സ് ഡയറക്‌ടറുമായ ജെ.കെ.മേനോൻ തൃശൂർ സ്വദേശിയാണ്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മുൻ നിയമസഭാ സ്‌പീക്കറും സ്വാതന്ത്ര്യ സമര സേനാനിയും എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായിരുന്ന വി.ഗംഗാധരന്റെ സ്‌മരണാർത്ഥം കടപ്പാക്കട സ്‌പോർട്‌സ് ക്ലബിന്റെ നേതൃത്വത്തിലുള്ളതാണ് ട്രസ്‌റ്റ്. ഒക്‌ടോബർ 4ന് വൈകിട്ട് 6ന് കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് സ്വരലയ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി പി.രാജീവ് പുരസ്‌കാരം സമർപ്പിക്കുമെന്ന് ട്രസ്‌റ്റ് ചെയർമാൻ അഡ്വ. ജി.സത്യബാബുവും സെക്രട്ടറി ആർ.എസ്.ബാബുവും അറിയിച്ചു. മന്ത്രി കെ.രാജൻ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. മുൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. സ്വരലയ ചെയർമാനും വി.ഗംഗാധരന്റെ മകനുമായ ഡോ. ജി.രാജ്‌മോഹൻ പ്രശസ്‌തി പത്രം അവതരിപ്പിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി, മേയർ പ്രസന്ന ഏണസ്‌റ്റ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, ഡെപ്യൂട്ടി മേയർ കൊല്ലം മധു എന്നിവർ സംസാരിക്കും. മുൻ മന്ത്രി എം.എ.ബേബി ചെയർമാനായ ജൂറിയാണ് പുരസ്‌കാരം നിർണയിച്ചത്.
കൊല്ലം നഗരത്തിലെ 100 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും വിദ്യാഭ്യാസ സ്‌കോളർഷിപ്പും ചടങ്ങിൽ വിതരണം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന അഞ്ച് കുടുംബങ്ങളിലെ യോഗ്യതയുള്ള ഒരാൾക്ക് വീതം വിദേശത്ത് ജോലിയും നൽകും. സ്കോളർഷിപ്പിനുള്ള അപേക്ഷ 30നുള്ളിൽ കടപ്പാക്കട സ്പോട്സ് ക്ളബിൽ നേരിട്ടോ വാട്സ് ആപ്പിലോ മെയിലിലോ നൽകാം. ഫോൺ: 9447706902, 9747402111. ഇ-മെയിൽ: vgsmarakatrust@gmail.com.
സമ്മേളന ശേഷം ചലച്ചിത്ര പിന്നണി ഗായകൻ ജാസി ഗിഫ്ടിന്റെ സംഗീത പരിപാടിയും നടനം ഡാൻസ് സ്കൂളിലെ നർത്തകരുടെ നൃത്താവിഷ്കാരവും നടക്കും.