വായുവിലൂടെ പടരും
കൊല്ലം: ആരോഗ്യവകുപ്പ് കിണഞ്ഞ് പരിശ്രമിക്കുമ്പോഴും ജില്ലയിൽ ക്ഷയരോഗം വ്യാപിക്കുന്നു. ഈ വർഷം ആഗസ്റ്റ് വരെ 880 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 35,645 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. കഴിഞ്ഞവർഷം 54,334 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 1,598 പേരിൽ രോഗം കണ്ടെത്തി.
ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ജീവിതശൈലി രോഗനിർണയ സർവേ ആൻഡ് സ്‌ക്രീനിംഗ് (ശൈലി) ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോൾ 30 വയസിന് മുകളിലുള്ള 6,762 പേരിൽ ക്ഷയരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. കഴിഞ്ഞവർഷം ഈ സർവേയിലൂടെ 10,640 പേരിലായിരുന്നു ലക്ഷണം. സർവേ കൂടാതെ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചും സ്വകാര്യ ആശുപത്രികളിൽ നിന്നുൾപ്പടെ വിവരങ്ങൾ ശേഖരിച്ചുമാണ് ലക്ഷണം ഉള്ളവരെ കണ്ടെത്തുന്നത്.
കൊവിഡിന് പിന്നാലെ ക്ഷയരോഗ പരിശോധന കുറഞ്ഞതോടെ രോഗവ്യാപനം കൂടുകയായിരുന്നു. രോഗികൾ കൂടുന്നുണ്ടെങ്കിലും ചികിത്സ തേടുന്നവരിൽ 85 ശതമാനം പേർക്കും അസുഖം പൂർണമായും ഭേദമാകുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. പരമാവധി രോഗികളെ കണ്ടുപിടിച്ച് ചികിത്സയ്ക്കും അവരുമായി സമ്പർക്കമുള്ളവരെ പ്രതിരോധ ചികിത്സയ്ക്കും വിധേയമാക്കി ജില്ലയിൽ രോഗത്തിന്റെ വ്യാപ്തി കുറയ്ക്കാനാണ് ആരോഗ്യവകുപ്പിന്റെ നീക്കം. രോഗം കണ്ടെത്താനായി ആധുനിക രീതിയിലുള്ള സി.ബിനാറ്റ്, ട്രൂനാറ്റ് പരിശോധനകൾ ജില്ല ടി.ബി സെന്റർ, കരുനാഗപ്പള്ളി ഹോസ്പിറ്റൽ ഫോർ ചെസ്റ്റ് ഡിസീസ്, പാരിപ്പള്ളി ഗവ.മെഡിക്കൽ കോളേജ്, പുനലൂർ താലൂക്ക് ആശുപത്രി, കൊട്ടാരക്കര താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലുണ്ട്.
രോഗലക്ഷണങ്ങൾ
 രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ
 ശരീരം ക്ഷീണിക്കുക
 ഭാരം കുറയുക
 വിശപ്പില്ലായ്മ
 രാത്രികാലങ്ങളിൽ ഉണ്ടാകുന്ന കുളിരോടുകൂടിയ പനി
 ചുമച്ച് രക്തം തുപ്പുക
 രക്തം കലർന്ന കഫം
പരിശോധന വേണം
 ക്ഷയരോഗ പരിശോധനയും ചികിത്സയും സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും സൗജന്യം
 ചികിത്സാ കാലയളവിൽ സാമ്പത്തിക സഹായം ലഭ്യമാണ്
 ആറ് മാസത്തെ ചികിത്സയിലൂടെ രോഗം പൂർണമായും ഭേദമാക്കാം
 കൃത്യമായി മരുന്ന് കഴിക്കാതിരുന്നാൽ രോഗംമൂർച്ഛിച്ച് പ്രതിരോധം നഷ്ടപ്പെട്ട് സ്ഥിതി ഗുരുതരമാകും
2025 ഓടെ രോഗം പൂർണമായും തുടച്ചുനീക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായാണ് ജില്ലയിലെ പ്രവർത്തനങ്ങൾ. ചികിത്സ ഉറപ്പാക്കിയില്ലെങ്കിൽ മരണകാരണമായേക്കാം.
ഡോ.പി.പ്ലാസ , ജില്ലാ ഓഫീസർ, ടി.ബി വിഭാഗം