പരവൂർ: തുടർച്ചയായി​ പൈപ്പ് പൊട്ടുന്നതി​നാൽ പൂതക്കുളം മേഖലയി​ൽ കുടി​വെള്ളക്ഷാമം രൂക്ഷം.ഒരിടത്ത് തകരാർ പരിഹരിക്കുമ്പോൾ തൊട്ടടുത്ത ദിവസം മറ്റൊരിടത്ത് പൈപ്പ് പൊട്ടും.
ഇടയാടി, മാവിള, കലയ്‌ക്കോട്, വേപ്പിൻമൂട്, കന്യാമഠം-പാറവിള കോളനി റോഡ്, പാറ ജംഗ്ഷൻ എന്നി​വി​ടങ്ങളി​ൽ പൈപ്പ് പൊട്ടി ആഴ്ചകളോളം വെള്ളം പാഴായി​രുന്നു. തകരാർ പരിഹരിക്കാൻ ജലവിതരണം നിറുത്തി വച്ചാൽ അത് മറ്റ് പ്രദേശങ്ങളെ ബാധിക്കും. കലയ്‌ക്കോട്-കൊച്ചുകായൽ റോഡ്, വെള്ളാമുക്കം ഭാഗങ്ങളിൽ ഓണക്കാലത്ത് വെള്ളം കിട്ടാത്തത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. വെള്ളം വിലയ്ക്ക് വാങ്ങേണ്ട സാഹചര്യമായിരുന്നു. വേപ്പിൻമൂട്- പ്രിയദർശിനി റോഡിലെ പൈപ്പുപൊട്ടി ദിവസങ്ങളോളം വെള്ളം പാഴായി. തകരാർ പരിഹരിക്കാൻ കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി ആരംഭിച്ചു. വാട്ടർ അതോറിട്ടിയുടെ കുടിവെള്ളത്തെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങൾ പൂതക്കുളത്തുണ്ട്. കാലപ്പഴക്കം ചെന്ന ജി.ഐ പൈപ്പുകളാണ് പൊട്ടുന്നവയിൽ ഏറെയും. പ്രദേശത്ത് ഏഴായിരത്തോളം ഗാർഹിക കണക്ഷനുകൾ നിലവിലുണ്ട്. പമ്പിംഗിന്റെ ശക്തി കൂട്ടിയതോടെ പഴയ വിതരണശൃംഖലയ്ക്ക് താങ്ങാനാവാത്തതാണ് പൊട്ടുന്നതിന്റെ പ്രധാന കാരണം. ഇവ പൂർണമായി മാറ്റി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം.