കരുനാഗപ്പള്ളി: നാടിന്റെ ജീവ വായുവാണ് പൊതു വിദ്യാലയങ്ങളെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി ആൻഡ് ഗേൾസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാർത്ഥികളുടെ ശാസ്ത്രബോധവും സർഗ്ഗാത്മകതയും വളർത്താൻ വിദ്യാലയങ്ങൾക്ക് കഴിയണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ജനകീയ സമിതികളുടെ നേതൃത്വത്തിൽ വിദ്യാലയങ്ങൾ ആരംഭിക്കുകയാണങ്കിൽ അതിനെ സർക്കാർ പിന്തുണക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. പൊതു വിദ്യാലയങ്ങൾ നിലവിൽ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്ന് യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ മന്ത്രി ചിഞ്ചുറാണി പറഞ്ഞു. മുഖ്യമന്ത്രിയുടെ വയനാട് ദുരന്ത നിധിയിലേക്ക് സ്കൂളിലെ അദ്ധ്യാപകരും അനദ്ധ്യാപകരും നൽകിയ 15.55 ലക്ഷം രൂപയുടെ ചെക്ക് സ്കൂൾ അധികൃതർ മന്ത്രിക്ക് കൈമാറി. സമ്മേളനത്തിൽ സി.ആർ.മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഗീതാകുമാരി, കരുനാഗപ്പള്ളി നഗരസഭാ വൈസ് ചെയർപേഴ്സൺ സുനിമോൾ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, സി.പി.എം ഏരിയാ കമ്മിറ്റി സെക്രട്ടറി പി.കെ.ജയപ്രകാശ്, സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ.ഷിഹാബ്, നഗരസഭാ കൗൺസിലർ എം.അൻസാർ, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടർ കെ.ഐ.ലാൽ, പി.ടി.എ പ്രസിഡന്റുമാരായ ക്ലാപ്പന സുരേഷ്, ബി.എ.ബ്രിജിത്ത്, സ്കൂൾ മുൻ മാനേജർ വി.രാജൻപിള്ള, പൂർവ വിദ്യാർത്ഥി സംഘടന പ്രസിന്റ് ആർ.രവീന്ദ്രൻപിള്ള, പ്രിൻസിപ്പൽ വീണാറാണി, ഹെഡ്മിസ്ട്രസുമാരായ ടി.സരിത, കെ.ജി.അമ്പിളി, ബോയ്സ് എച്ച്.എസ്.എസ് ചെയർമാൻ മുഹമ്മദ് ആഷിഖ്, ലീഡർ സഹിൽ മുഹമ്മദ്, ഗേൾസ് ഹൈസ്കൂൾ ചെയർപേഴ്സൺ നിഹ സുധീർ, ലീഡർ റിയ സുധീർ എന്നിവർ സംസാരിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ മാനേജർ എൽ.ശ്രീലത സ്വാഗതവും സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് വി.പി.ജയപ്രകാശ് മേനോൻ നന്ദിയും പറഞ്ഞു.