
കൊല്ലം: തോട്ടണ്ടി ഇടപാടിന്റെ കേന്ദ്രമാക്കി കൊല്ലം തുറമുഖത്തെ മാറ്റാൻ പദ്ധതി സമർപ്പിച്ചു, തൂത്തുക്കുടി തുറമുഖത്തിന്റെ മാതൃകയിലാണ് സ്വകാര്യ കമ്പനി പദ്ധതി തയ്യാറാക്കിയത്. പള്ളിത്തോട്ടത്ത് കേരള മാരിടൈം ബോർഡിന്റെ കീഴിലുള്ള തുറമുഖത്തെ ഗോഡൗൺ വാടകയ്ക്കെടുത്ത് തോട്ടണ്ടി അടക്കമുള്ള വസ്തുക്കൾ സംഭരിച്ച് വിൽക്കുകയാണ് ലക്ഷ്യം.
ആഫ്രിക്കൻ രാജ്യങ്ങളിലെത്തി നല്ല തോട്ടണ്ടിക്ക് കരാർ ഉറപ്പിക്കുന്ന ഫാക്ടറി ഉടമകൾക്ക്, നിലവാരമില്ലാത്ത തോട്ടണ്ടി ലഭിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, തൂത്തുക്കുടിയിൽ തോട്ടണ്ടി എത്തിയ ശേഷം ഗുണനിലവാരം ഉറപ്പിച്ച് വാങ്ങാൻ വ്യവസായികൾ നിർബന്ധിതരായി. നിലവിൽ ഇപ്രകാരമാണ് ഇടപാടുകൾ നടക്കുന്നത്.
സമാന രീതിയിൽ കൊല്ലം തുറമുഖത്ത് തോട്ടണ്ടി എത്തിച്ച് വിപണനം നടത്താനാണ് ആലോചന. ഇതിനൊപ്പം ടൈൽസ് അടക്കമുള്ള നിർമ്മാണ സാമഗ്രികളും എത്തിക്കും. നാലായിരം ചതുരശ്രയടി വിസ്തീർണമുള്ള ഗോഡൗൺ നിലവിൽ ഉണ്ടെങ്കിലും കാര്യമായി ഉപയോഗിച്ചിട്ടില്ല. ഇതിന്റെ വാടകയിൽ ഇളവ് നൽകണമെന്ന്, പദ്ധതി സമർപ്പിച്ചിട്ടുള്ള സ്വകാര്യ കമ്പനിയായ സ്വാതി എന്റർപ്രൈസസ് ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി യാഥാർത്ഥ്യമായാൽ പൊതുമേഖലാ സ്ഥാപനങ്ങൾക്കുള്ള കാഷ്യു ബോർഡിന്റെ തോട്ടണ്ടി ഇറക്കുമതി കൊല്ലം വഴിയാകും.
ഗുണം?
കൊല്ലം പോർട്ടിന് വരുമാന വർദ്ധന, തൊഴിലാളികൾക്ക് ജോലി
കൂടുതൽ ചരക്ക് സർവ്വീസുകളെത്തും, അനുബന്ധ മേഖലയിലും വളർച്ച
ഉൾനാടൻ ക്രൂയിസ്
അഷ്ടമുടിക്കായൽ കേന്ദ്രീകരിച്ച് അഡംബര നൗകയിൽ വിനോദ സഞ്ചാരത്തിനുള്ള പദ്ധതിയും തുറമുഖം അധികൃതർക്ക് കമ്പനി സമർപ്പിച്ചിട്ടുണ്ട്. ഒരേസമയം 40 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് ഡെക്കുകളുള്ള ശീതീകരിച്ച നൗകയാണ് ലക്ഷ്യം. ടഗ്ഗുകളും ബാർജുകളും കൂറ്റൻ മത്സ്യബന്ധന ബോട്ടുകളും അറ്റകുറ്റപ്പണി നടത്താനുള്ള മിനി ഡ്രൈ ഡോക്കാണ് കമ്പനി സമർപ്പിച്ചിട്ടുള്ള മറ്റൊരു പദ്ധതി. നീണ്ടകര, ശക്തികുളങ്ങര എന്നിവിടങ്ങൾ പദ്ധതിക്കായി തുറമുഖം അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുറഞ്ഞത് മൂന്ന് മീറ്ററെങ്കിലും ആഴമുള്ള പ്രദേശമാണ് കമ്പനിയുടെ ആവശ്യം.
കൊല്ലം, വിഴിഞ്ഞം തുറമുഖങ്ങൾ കേന്ദ്രീകരിച്ച് ചരക്ക്, യാത്രക്കപ്പൽ സർവ്വീസിന് താത്പര്യമുള്ള സംരംഭകർക്ക് റീജിണൽ തുറമുഖ ഓഫീസറെ നേരിട്ട് സമീപിക്കാം.
ക്യാപ്ടൻ പി.കെ. അരുൺകുമാർ (പോർട്ട് ഓഫീസർ, കൊല്ലം റീജിയൺ)
പോർട്ട് അധികൃതരുമായി രണ്ട് തവണ ചർച്ച നടത്തി. അനുകൂല നിലപാടാണുള്ളത്
സ്വകാര്യ കമ്പനി അധികൃതർ