ഓച്ചിറ: കൊല്ലം ,ആലപ്പുഴ ജില്ലകളുടെ തീരദേശ സംരക്ഷണത്തിനായി കോസ്റ്റ് ഗാർഡ് യൂണിറ്റ് ആരംഭിക്കണമെന്ന ആവശ്യം ശക്തം. കെ.സി വേണുഗോപാൽ ആദ്യവട്ടം എം.പി ആയിരുന്ന കാലയളവിലാണ് ഈ ആവിശ്യം സർക്കാരിന്റെ മുന്നിലേക്ക് ആദ്യമായി എത്തുന്നത്. അദ്ദേഹത്തിന്റെ ശ്രമഫലമായി പ്രതിരോധ മന്ത്രാലയം തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. അന്ന് നിർമ്മാണം നടക്കേണ്ട അഴീക്കൽ ,വലിയഴീക്കൽ പാലത്തിന്റെ ഡിസൈനിൽ പ്രതിരോധ വിദഗ്ദ്ധരുടെ നിർദ്ദേശപ്രകാരം മാറ്റം വരുത്തുകയും കോസ്റ്റ് ഗാർഡ് വെസലുകൾക്ക് കടന്നുവരുന്നതിന് അനുയോജ്യമായ രീതിയിൽ ഡിസൈൻ ചെയ്യുകയും ചെയ്തിരുന്നു.

ഇടച്ചിറ തുരുത്ത് തർക്ക വിഷയമായി

2018ൽ കോസ്റ്റ് ഗാർഡ് യൂണിറ്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ 3 ഏക്കർ സ്ഥലം ലഭ്യമാക്കാൻ ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം. പി ആലപ്പാട് ഗ്രാമ പഞ്ചായത്തിന് കത്ത് നൽകി. പ്രതിരോധ വിദഗ്ദ്ധരുടെ സന്ദർശന വേളയിൽ അവർ കണ്ടെത്തിയത് അഴീക്കൽ, ഇടച്ചിറ തുരുത്തായിരുന്നു. തുരുത്തിലെ 37 കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും ആര് പണം ചെലവഴിക്കും എന്നത് തർക്ക വിഷയമായി. ഇത്രയും തുക ചെലവഴിക്കാനുള്ള സാമ്പത്തികം പഞ്ചായത്തിനില്ലായിരുന്നു. ആ ബാദ്ധ്യത ഏറ്റെടുക്കാൻ സംസ്ഥാന സർക്കാരും തയ്യാറായില്ല.

പരിഗണിക്കാവുന്ന സ്ഥലങ്ങൾ

1) അഴീക്കൽ ഇടച്ചിറ തുരുത്ത്:

അനുയോജ്യമായ സ്ഥലം. 37 കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും വൻ തുക ചെലവിടേണ്ടിവരും.

2 ) രുദ്രൻ തുരുത്ത്

അഴീക്കൽ ഹാർബറിന് സമീപം ജലാശയത്തിലേക്ക് താഴ്ന്നുതുപോയ രുദ്രൻ തുരുത്ത് പുനർനിർമ്മിക്കുക: അഴീക്കൽ ഹാർബറിൽ നടക്കാൻ പോകുന്ന ഡ്രഡ്‌ജിംഗിൽ ലഭിക്കുന്ന മണൽ അതിനായി ഉപയോഗിക്കാം. സംരക്ഷണ ഭിത്തി മാത്രം നിർമ്മിച്ചാൽ മതിയാവും.

3 )ടി.എൻ ചിറ

അഴീക്കൽ ഹാർബറിന് കിഴക്കുഭാഗം സ്ഥിതിചെയ്യുന്ന ടി.എൻ ചിറ. ജനവാസം തീരെ കുറവ് അവിടേക്ക് സുഗമമായി എത്തിചേരണമെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണം.

4 ) പുറമ്പോക്ക്

വലിയഴീക്കൽ ഹാർബറിന് സമീപമുള്ള പുറമ്പോക്ക്: സ്ഥലം സ്വകാര്യ വ്യക്തികൾ കൈയ്യേറി വെച്ചിരിക്കുന്നത് വെല്ലുവിളി.

5 ) ഫിഷറീസ് ഭൂമി

അഴീക്കലിൽ ഫിഷറീസ് ഡിപ്പാർട്ട് മെൻറ്റിന്റെ അധീനതയിലുള്ള ഭൂമി

കൊല്ലം , ആലപ്പുഴ ജില്ലകളിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെട്ടാൽ കൊച്ചിയിൽ നിന്നാണ് കോസ്റ്റ് ഗാർഡ് ടീം എത്തുന്നത്. അപ്പോഴേക്കും ഇവിടെ കാര്യങ്ങൾ സങ്കീർണമാവും. അഴീക്കൽ കേന്ദ്രീകരിച്ച് കോസ്റ്റുഗാർഡ് യൂണിറ്റ് അനുവദിച്ചാൽ ഇപ്പോൾ മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമാവും.

ആർ.ബേബി

മുൻഗ്രാമപഞ്ചായത്തംഗം