അഞ്ചൽ: പട്ടിക ജാതിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ജെ. പ്രേം രാജിനെ ജാതീയമായി ആക്ഷേപിച്ച കേരള കോൺഗ്രസ് (എം) നേതാവ് ആയൂർ ബിജുവിനെതിരെ കേസെടുക്കാൻ അഞ്ചൽ പൊലീസ് തയ്യാറാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടർന്നുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് ജാതീയ ആക്ഷേപം നടത്തിയതെന്ന് കോൺഗ്രസ് ആരോപിച്ചു. നേതാവിനെതിരെ അഞ്ചൽ പൊലീസിൽ പരാതി നൽകിയിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ് പറ‌ഞ്ഞു. എൽ.ഡി.എഫ് നേതാവ് കൂടിയ ആയൂർ ബിജുവിനെ സംരക്ഷിക്കാൻ അഞ്ചൽ പൊലീസ് ശ്രമിക്കുകയാണെന്നും പൊലീസ് നടപടിക്കെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് ഇന്നുതന്നെ പരാതി നൽകുമെന്നും ഏരൂർ സൂഭാഷ് പറഞ്ഞു. ഇതിനിടെ ആയൂർ ബിജുവിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ആയൂരിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. പ്രതിഷേധ പ്രകടനത്തിന് കെ.പി.സി.സി സെക്രട്ടറി അഡ്വ.സൈമൺ അലക്സ്,മണ്ഡലം പ്രസിഡന്റ് ലിജു ആലുവിള, ആയൂർ ഗോപിനാഥ്, കടയിൽ ബാബു, അമ്മിണി രാജൻ, സാമുവേൽ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.