light
താന്നിക്കമുക്ക് ജംഗ്ഷനിൽ തകരാറിലായ ഹൈമാസ്റ്റ് ലൈറ്റ്

അഞ്ചാലുംമൂട്: താന്നിക്കമുക്ക് ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് അണഞ്ഞിട്ട് രണ്ടു വർഷമായിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. പി.കെ. ഗുരുദാസൻ എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലൈറ്റാണ് അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ മിഴിയടച്ചത്.

സന്ധ്യ മയങ്ങിയാൽ ജംഗ്ഷൻ ഇരുട്ടിലാവുന്നതോടെ മദ്യപരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രമായി പ്രദേശം മാറും. ബൈപ്പാസ്, കുണ്ടറ, അഞ്ചാലുംമൂട്, പനയം തുടങ്ങി നാല് ദിശകളിൽ നിന്നുള്ള യാത്രക്കാർ എത്തുന്ന ജംഗ്ഷനാണി​ത്. ഈ ഹൈമാസ്റ്റ് ലൈറ്റിന്റെ വെളിച്ചത്തിലാണ് യാത്രക്കാരും നാട്ടുകാരും ജംഗ്ഷനിലൂടെ കടന്ന് പോയിരുന്നത്. പഞ്ചായത്തിനായിരുന്നു ലൈറ്റിന്റെ പരിപാലന ചുമതല. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് പഞ്ചായത്ത് ഇക്കാര്യത്തി​ൽ വേണ്ടത്ര ശ്രദ്ധ കാട്ടി​യി​ല്ല.

നാട്ടുകാർ പലതവണ പഞ്ചായത്തിന് പരാതി നൽകിയിരുന്നു. പക്ഷേ, ഉടൻ ശരിയാക്കും എന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്.
എം.മുകേഷ് എം.എൽ.എയുടെ ഫണ്ട് ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ആവശ്യം ഉയർന്നെങ്കിലും പഞ്ചായത്ത് അധികൃതർ അനങ്ങി​യി​ല്ല. മതിയായ വെളിച്ചമില്ലാത്തതിനാൽ നാല് ദിശകളിൽ നിന്നു വരുന്ന വാഹനങ്ങൾക്കു മുന്നി​ൽപ്പെട്ട് കാൽനട യാത്രി​കർക്ക് അപകടമുണ്ടാവാനുള്ള സാദ്ധ്യതയും ഏറെയാണ്.

റോഡ് മറി​കടക്കാൻ പെടാപ്പാട്

രാത്രിയായാൽ താന്നിക്കമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കുന്നതും മറ്റും ഇതുവഴി വരുന്ന വാഹനങ്ങളുടെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെയും വെളിച്ചത്തിലാണ്. എത്രയും വേഗം അറ്റകുറ്റപണികൾ നടത്തി ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ലൈറ്റിന്റെ അറ്റകുറ്റപ്പണിക്ക് കൂടുതൽ തുക ആവശ്യപ്പെട്ടതാണ് വിഷയം. പനയം പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ഹൈമാസ്റ്റ് ലൈറ്റിന്റെ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള ടെണ്ടർ നടപടികൾ പുരോഗമിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കും


ഡോ. രാജശേഖരൻ

പനയം പഞ്ചായത്ത് പ്രസിഡന്റ്