
കൊല്ലം: ഇ.പി.എഫ് മിനിമം പെൻഷൻ 2000 രൂപയായി വർദ്ധിപ്പിക്കാനുള്ള ഹൈ എംപവേഡ് കമ്മിറ്റിയുടെ ശുപാർശ അടിയന്തരമായി നടപ്പാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. കുണ്ടറ മണ്ഡലത്തിലെ കശുഅണ്ടി ഫാക്ടറികളിൽ നൽകിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു എം.പി.
ഇ.പി.എഫ് പെൻഷൻ സ്‌കീം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെൻറിൽ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ നിയമിച്ച ഹൈ എംപവേഡ് കമ്മിറ്റി പ്രതിമാസ മിനിമം പെൻഷൻ ആയിരത്തിൽ നിന്ന് രണ്ടായിരമായി വർദ്ധിപ്പിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. തൊഴിൽ മന്ത്രാലയം ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി അയച്ചെങ്കിലും നാളിതുവരെ പെൻഷൻ വർദ്ധിപ്പിച്ചിട്ടില്ല. കശുഅണ്ടി തൊഴിലാളികളുടെ ഇ.എസ്.ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ആനുകൂല്യം ലഭിക്കണമെങ്കിൽ ആറ് മാസത്തിനുള്ളിൽ 78 ദിവസത്തെ ഹാജർ വേണമെന്ന വ്യവസ്ഥ അപ്രായോഗികമാണ്. തൊഴിലാളികളും തൊഴിലുടമകളും ഒരുപോലെ പ്രതിസന്ധി നേരിടുന്ന കാലഘട്ടത്തിൽ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
രാവിലെ 8ന് മോദീൻമുക്ക് സെന്റ് മേരീസ് കാഷ്യു ഫാക്ടറിയിൽ നിന്നാരംഭിച്ച സ്വീകരണം പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ കുരീപ്പള്ളി സലിം, കൺവീനർ ജി.വേണുഗോപാൽ, ടി.സി. വിജയൻ, പെരിനാട് മുരളി, രാജു.ഡി.പണിക്കർ, എ.എൽ.നിസാമുദ്ദീൻ, ഫിറോസ് ഷാ സമദ്, മഹേശ്വരൻപിള്ള, ടി.സി. അനിൽ, ഗോപൻ പെരുമ്പുഴ, വിനോദ്.ജി.പിള്ള, സേതുനാഥ്, വിനോദ് കോണിൽ, പേരയം വിനോദ്, ഗോപിനാഥപിള്ള എന്നിവർ പങ്കെടുത്തു.